തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകി.ആ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ 45 ഡിഗ്രിവരെയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
രാത്രിയും പകലും ഒരു പോലെ കൊടും ചൂടിൽ വെന്തുരുകുകയാണ് സംസ്ഥാനം. പ്രതീക്ഷിച്ച വേനൽ മഴയും ലഭിക്കാത്തതോടെ നാട് വിയർത്തൊലിക്കുകയാണ്. 14 ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് രേഖപ്പെടുത്തിയ താപനില. പാലക്കാട് ഉൾപ്പടെ വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് അറിയിപ്പ്.
കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂർ, കണ്ണൂർ, കോഴിക്കോട് , പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കാസർകോട്,എറണാകുളം,ആലപ്പുഴ, ജില്ലകളിൽ 37 വരെയും തിരുവനന്തപുരം , മലപ്പുറം, ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാനാണ് സാധ്യത.അതെസമയം ചൂട് കൂടുന്നതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിലും ഓരോ ദിവസവും റെക്കോർഡ് കണക്കാണ് രേഖപ്പെടുത്തുന്നത്.ചൊവ്വാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത് 11.17 കോടി യൂണിറ്റായിരുന്നു.