ന്യൂഡൽഹി : മുൻ മന്ത്രിയും എംഎൽഎയും ജനാധ്യപത്യ കേരളം കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ തിരിച്ചടി . കേസിലെ ക്രിമിനൽ നടപടി സുപ്രീം കോടതി പുനഃസ്ഥാപിച്ചു . പുനരന്വേഷണം പൂർത്തിയാക്കി ഒരു വര്ഷത്തിനുളിൽ വിചാരണ നടത്തണമെന്ന് ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
നടപടിക്രമം പാലിച്ചു വീണ്ടും അന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവിൽ പിഴവില്ലെന്നു നിരീക്ഷിച്ച കോടതി ഹർജിക്കാരിൽ ഒരാളായ മാധ്യമ പ്രവർത്തകൻ എം ആർ അജയനു കേസുമായി ബന്ധമില്ലെന്ന ആന്റണി രാജുവിന്റെ വാദം തള്ളി.
ലഹരി മരുന്ന് കേസിലെ പ്രതിയെ സഹായിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്ന കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. അടുത്തമാസം 20ന് വിചാരണ കോടതിയിൽ ഹാജരാകണമെന്നതാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.
1990ന് തിരിമറി നടന്ന കേസിൽ 2006ലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ വാദം കേൾക്കുന്നതിനിടെ സത്യം കണ്ടെത്താൻ ഏതറ്റം വരെയും പോകുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.
പോലീസ് നൽകിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ അല്ല, കോടതിയുടെ പക്കലുണ്ടായിരുന്ന തെളിവിൽ കൃത്രിമം കാട്ടിയെന്നതിൽ പരാതിക്കാരനാകേണ്ടിയിരുന്നത് കോടതി തന്നെയാണ് എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.ഇത് തെറ്റാണെന്നു വ്യക്തമാക്കുകയും കേസിൽ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കാനുമാണ് നിലവിൽ ഹൈക്കോടതി നിർദ്ദേശിച്ചത്.