തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് തീരദേശ മേഖലകളില്‍ ശക്തമായ കടലാക്രമണം. പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ നിരവധി വീടുകളിലേക്ക് കടല്‍ കയറി. പൊഴിയൂരില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ വേലിയേറ്റം രൂക്ഷമായിരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. വീട്ടുകാര്‍ ചെറിയ കുട്ടികളുമായി ബന്ധുവീടുകളില്‍ മാറിതാമസിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി ഭീകര ശബ്ദത്തോടെയാണ് വീട്ടിനുള്ളില്‍ വെള്ളം കയറിയതെന്ന് ആളുകള്‍ പറഞ്ഞു. കരയിലുണ്ടായിരുന മത്സ്യതൊഴിലാളികളുടെ വള്ളങ്ങള്‍ രാവിലെ മാറ്റി തുടങ്ങി. സമീപത്ത് ഉണ്ടായിരുന്ന ഷെഡ്ഡുകള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. പരുത്തിയൂര്‍ മുതല്‍ മുല്ലശ്ശേരി, തെക്കെ കൊല്ലങ്കോട് വരെ കടലിനോട് ചേര്‍ന്നുള്ള വീടുകളിലാണ് വെള്ളം കയറിയത്.
പൊഴിയൂര്‍ കൊല്ലങ്കോട് മേഖലകളിലും ജനവാസ പ്രദേശത്ത് കടല്‍ ദുരിതം വിതയ്ക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിര്‍ത്തിയിലെ തമിഴ്നാട് പരിധിയില്‍ തമിഴ്നാട് സര്‍ക്കാര്‍ പുലിമുട്ട് സ്ഥാപിച്ചതോടെ കേരള തീരം കടലെടുത്ത് തുടങ്ങിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
സമാനമായ പ്രതിസന്ധിയാണ് പൂന്തുറയിലും. ഇന്ന് ഉച്ചയോടെ കള്ളക്കടല്‍ പ്രതിഭാസം ശക്തമാകുകയും കടല്‍ക്ഷോഭം രൂക്ഷമാകുമെന്നുമാണ് മുന്നറിയിപ്പ്. വലിയതോതിലുള്ള തിരമാല തീരത്തേക്ക് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. അതുകൊണ്ട് ആളുകള്‍ മറ്റിടങ്ങളിലേക്ക് മാറി താമസിക്കാന്‍ തയ്യാറാകുകയാണ്.
പുലര്‍ച്ചെ മൂന്നരയോടെയാണ് പൂന്തുറയില്‍ കടല്‍ക്ഷോഭം രൂക്ഷമായത്. വീടുകളിലേക്ക് പ്രളയം പോലെ കടല്‍ജലം ഇരച്ചുകയറുകയായിരുന്നു. ആളുകള്‍ മാറിതാമസിക്കാന്‍ തയ്യാറാണെങ്കിലും അതിനുള്ള സംവിധാനങ്ങള്‍ പ്രാദേശിക ഭരണകൂടം ഒരുക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. കഴിഞ്ഞതവണ ഇത്തരം പ്രശ്നങ്ങളുണ്ടായപ്പോള്‍ ആളുകളെ സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചമുതല്‍ കള്ളക്കടല്‍ പ്രതിഭാസവുമായി ബന്ധപ്പെട്ട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നതാണ്.