തൃശ്ശൂർ: പൂരത്തിനെത്തിയത് ആംബുലൻസിലല്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിൽ ഒരു ചടങ്ങിനെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്.
പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിച്ചിരിക്കേയാണ് താൻ പൂരനഗരിയിൽ വന്നത് ആംബുലൻസിലല്ലെന്നും കണ്ടെങ്കിൽ അത് മായക്കാഴ്ചയായിരിക്കുമെന്നും സുരേഷ് ഗോപി എം.പി പറഞ്ഞത്. ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിലാണ് സുരേഷ് ഗോപി ഇതു പറഞ്ഞത്.
ബി.ജെ.പി. ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് താൻ യാത്രചെയ്തത്. ആംബുലൻസിൽ വന്നത് കണ്ടുവെങ്കിൽ അത് മായക്കാഴ്ചയാണോ യഥാർഥ കാഴ്ചയാണോ എന്നറിയാൻ പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ പോരാ, സി.ബി.ഐ. വരണം. ഏതന്വേഷണവും നേരിടാൻ തയ്യാറാണ്. സിനിമയിലെ ഡയലോഗ് ആയി കണ്ടാൽമതി, ഒറ്റത്തന്തക്കു പിറന്നതാണെങ്കിൽ സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സുരേഷ്‌ഗോപി ആവശ്യപ്പെട്ടു. ആംബുലൻസിലല്ല ഏതുവാഹനത്തിൽ വേണമെങ്കിലും സുരേഷ് ഗോപിക്ക് വന്നിറങ്ങാമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വേദിയിൽവെച്ച് പറഞ്ഞിരുന്നു. അദ്ദേഹത്തെ വേദിയിലിരുത്തിക്കൊണ്ടുതന്നെയാണ് സുരേഷ് ഗോപി സുരേന്ദ്രനെ തിരുത്തിയത്.
സുരേഷ് ഗോപി പുലർച്ചെ ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ആംബുലൻസിൽ വന്നു എന്നുതന്നെയാണ് ബി.ജെ.പി. നേതാക്കളും പറഞ്ഞിരുന്നത്.