മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ സുരേഷ് ഗോപിയുടെ പരാതി

തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസം സൃഷ്ടിച്ചെന്നാണ് പരാതിയിലെ ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം

author-image
Prana
New Update
suresh gopi
Listen to this article
0.75x 1x 1.5x
00:00 / 00:00

മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കാനിരിക്കെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസം സൃഷ്ടിച്ചെന്നാണ് പരാതിയിലെ ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാമനിലയം ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
മുന്‍ എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. പരാതിയില്‍ തൃശൂര്‍ എസിപി അനില്‍ അക്കരയുടെ മൊഴി രേഖപ്പെടുത്തും. നാളെ രാവിലെ 11 മണിക്ക് തൃശൂര്‍ പൊലീസ് മൊഴിയെടുക്കും.
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തൃശ്ശൂര്‍ രാമനിലയത്തില്‍ വെച്ച് തൃശ്ശൂരിലെ മാധ്യമ പ്രവര്‍ത്തകരോട് അപമാനകരമായ രീതിയില്‍ സംസാരിക്കുകയും, അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തത് ബിഎന്‍എസ് അനുസരിച്ചും പൊലീസ് ആക്ട് അനുസരിച്ചും കുറ്റകരമാണെന്ന് ഇന്നലെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ അനില്‍ പറഞ്ഞിരുന്നു. മാത്രമല്ല ഭരണഘടന അനുസരിച്ച് സത്യപതിജ്ഞ ചെയ്ത വ്യക്തി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാമനിലയത്തില്‍വെച്ച് കയ്യേറ്റം ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം വാദിച്ചിരുന്നു.
ഓഗസ്റ്റ് 27നായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായി പെരുമാറിയത്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ഗോപി, വീണ്ടും വിഷയത്തില്‍ പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളിയത്. തൃശൂരില്‍ രാമനിലയത്തില്‍ വച്ചായിരുന്നു സംഭവം.

Suresh Gopi journalists police case