ന്യൂഡൽഹി: കേരളത്തിൽ ചരിത്രമെഴുതിയ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയാകുമെന്ന് സൂചന.കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം ലഭിച്ചെന്നാണ് വിവരം. പ്രധാന വകുപ്പിന്റെ മന്ത്രിപദം സുരേഷ് ഗോപിക്ക് ബിജെപി കേന്ദ്രനേതൃത്വം നൽകിയെന്നാണ് വിവരം.മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും.എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. കേരളത്തിലെ ആദ്യത്തെ ബിജെപി എംപിയായ സുരേഷ് ഗോപിയ്ക്ക് അർഹതപ്പെട്ട സ്ഥാനം നൽകുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര നേതൃത്വം അറിയിച്ചിരുന്നു.
നേരത്തെ, കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇനിയും മറുപടി പറയുന്നത് നെഗറ്റീവ് ആവുമെന്നായിരുന്നു ദില്ലിയിലെത്തിയ സുരേഷ് ഗോപി പ്രതികരിച്ചത്. ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചുവെന്നും എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇന്നത്തെ ദിവസം അതിരുകളില്ലാത്ത സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപി എന്ന ഭാരം തലയിൽ എടുത്തു വയ്ക്കുന്നില്ല. താൻ എംപിമാരിൽ ഒരാളാണെന്നും സുരേഷ് ഗോപി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. വീറും വാശിയോടെയും മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്തത് ചെയ്യണം. താൻ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണെന്നും ഒരു പ്രദേശത്തിൻറെ പ്രതിനിധി ആക്കേണ്ടതില്ലെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു.
കേരളത്തിന് വേണ്ടിയാണ് പ്രവർത്തിക്കുക, എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ ദില്ലി വിമാനത്താവളത്തിൽ മലയാളി ബിജെപി പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.