അപമര്യാദയായി പെരുമാറിയെന്ന പരാതി; സുരേഷ് ​ഗോപി കോടതിയിൽ ഹാജരായി

കോഴിക്കോട് ജെഎഫ്എംസി നാല് കോടതിയിലാണ് സുരേഷ് ഗോപി ഹാജരായത്. കേസിന്റെ കുറ്റപത്രം സുരേഷ് ഗോപിയെ വായിച്ച് കേൾപ്പിക്കും.

author-image
anumol ps
New Update
suresh gopi

കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി കോടതിയിൽ ഹാജരായി. കോഴിക്കോട് ജെഎഫ്എംസി നാല് കോടതിയിലാണ് സുരേഷ് ഗോപി ഹാജരായത്. കേസിന്റെ കുറ്റപത്രം സുരേഷ് ഗോപിയെ വായിച്ച് കേൾപ്പിക്കും. മാധ്യമപ്രവർത്തകയ്ക്ക് മാനഹാനിയുണ്ടാക്കുന്ന രീതിയിൽ സുരേഷ് ഗോപി പ്രവർത്തിച്ചു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

കഴിഞ്ഞവർഷം ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈവെച്ചു. ഈ ഘട്ടത്തിൽ മാധ്യമപ്രവർത്തക സുരേഷ് ഗോപിയുടെ കൈ തട്ടിമാറ്റി തന്റെ നീരസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തക കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമായിരുന്നു മാധ്യമ പ്രവർത്തക കമ്മീഷണർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയത്. തുടർന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354, കേരള പൊലീസ് ആക്ട് 119 എ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. രണ്ട് വർഷം തടവോ അല്ലെങ്കിൽ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്. സംഭവം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചിരുന്നു.

 

journalist Suresh Gopi