ന്യൂഡല്‍ഹി : പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാകത്തില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുല്‍ ഇസ്ലാം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമാണെന്ന് വിലയിരുത്തി വധശിക്ഷ ശരിവെച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് പ്രതി ഹര്‍ജി നല്‍കിയത്. പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത് അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് അഡ്വ. ശ്രീറാം പറക്കാട്ട് വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
പ്രതിയുടെ മനശാസ്ത്ര ജയില്‍ സ്വഭാവ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ശിക്ഷ ലഘൂകരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ അതു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ചൂണ്ടികാണിച്ചു. മനശാസ്ത്ര പരിശോധനയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.