തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്തിന് ആശ്വാസമായി വേനൽമഴയെത്തുന്നു.അടുത്ത 5 ദിവസം നേരിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച 9 ജില്ലകളിൽ നേരിയ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂർ, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
അതെസമയം ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ആലപ്പുഴ എന്നീ ജില്ലകളിലും 10ാം തിയ്യതി ആലപ്പുഴ, കോട്ടയം എറണാംകുളം ജില്ലകളിലും 11ന് ആലപ്പുഴ, എറണാംകുളം, തൃശൂർ എന്നീ ജില്ലകളിലും 12ന് കേരളത്തിലുടനീളവും മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കടൽക്ഷോഭം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും നിർദേശമുണ്ട്. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.