തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.അതേസമയം,കേരള, തെക്കൻ തമിഴ്നാട് തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
മാത്രമല്ല ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.അടുത്ത രണ്ടു ദിവസം മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, കാലവർഷം ഇത്തവണ പതിവിലും നേരത്തെ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.മെയ് അവസാന വാരത്തോടെ കാലവർഷമെത്തുമെന്നാണ് സൂചന.എൽനിനോയുടെ സ്വാധീനം കുറഞ്ഞതോടെ വേനൽമഴ കൂടും.
സംസ്ഥാനത്ത് ഈ മാസം 18 മുതൽ വേനൽമഴ ശക്തിപ്പെടും. അതുപോലെ തന്നെ ഇന്നും നാളെയും മധ്യ- തെക്കൻ കേരളത്തിലും കോഴിക്കോട്, വയനാട് ജില്ലകളിലും മഴ ലഭിക്കും. 20ന് ശേഷം വടക്കൻ കേരളത്തിലെ മറ്റു ജില്ലകളിലും മഴയെത്തുമെന്നാണ് അറിയിപ്പ്.