ആലപ്പുഴ കലവൂരിൽ സുഭദ്ര കൊല്ലപ്പെട്ടത് ക്രൂരമായ മർദ്ദനമേറ്റെന്ന് റിപ്പോർട്ട്. നെഞ്ചിൽ ചവിട്ടിയെന്നും, കഴുത്ത് ഞെരിച്ച് മർദ്ദിച്ചുവെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. അതേസമയം പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
നാല് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയും പങ്കാളിയായ ആലപ്പുഴ സ്വദേശി മാത്യൂസ് എന്ന നിധിനുമാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. സുഭദ്രയെ കൊലപ്പെടുത്തിയത് മാത്യുവു ശർമിളയും ചേർന്നാണ്. സുഭദ്രയെ കൊച്ചിയിൽ നിന്ന് കൂട്ടിക്കൊണ്ട് വന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നുവെന്നും ക്രൂരമായ മർദ്ദനത്തിന് ശേഷമാണ് സുഭദ്രയെ കൊന്നതെന്നും പ്രതികൾ പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.
സുഭദ്രയുടെ ശരീരത്തിലെ രണ്ട് ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നുവെന്നാണ് നേരത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു. കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നുണ്ട്.
കടവന്ത്രറയിൽ നിന്നും കാണാതായ എഴുപത്തിമൂന്ന്കാരിയുടെ കൊലപാതകത്തിൽ ഇന്നലെയാണ് പ്രതികൾ പിടിയിലാകുന്നത്. മാത്യൂസ് ശർമിള എന്നിവരാണ് പിടിയിലായത്. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികൾ പിടിയിലായത്. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. സുഭദ്രയുടെ രണ്ടു സ്വര്‍ണവളകള്‍ ഉഡുപ്പിയില്‍ പണയപ്പെടുത്തി പണം മാത്യൂസിന്റെ അക്കൗണ്ടിലേക്കു വന്നതിന്റെ വിവരമാണ് നിര്‍ണായകമായത്. ഇതിന്റെ വിശദാംശങ്ങള്‍തേടി സിസിടിവി പരിശോധിച്ചപ്പോഴാണ് ഇരുവരും ഉഡുപ്പിയിലെത്തിയെന്ന് പോലീസ് ഉറപ്പിച്ചത്.
എറണാകുളം കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടെ മൃതദേഹം ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പിലാണ് കണ്ടെത്തിയത്. കഴിഞ്ഞ നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. സുഭദ്രയെ കൊന്ന് കുഴിച്ച് മൂടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ മാസം ഏഴാം തിയതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസിൽ പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഭദ്ര കലവൂർ എത്തിയതായി കണ്ടെത്തി. ഇതേ തുടർന്നാണ് അന്വേഷണം ഇവിടേക്ക് വ്യാപിപ്പിച്ചത്. അതേസമയം സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശർമിള, മാത്യൂസ് എന്നിവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്‍റെ പരിസരത്ത് നിന്നാണ് സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്.