തെരുവിലായാലും പാര്‍ലമെന്റിലായാലും സ്ത്രീകള്‍ക്കുള്ള ഏക പരിഹാരം പോരാട്ടം എന്ന മാര്‍ഗം മാത്രമാണെന്നും രാജ്യത്ത് എല്ലാ രംഗത്തും സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമമുണ്ടെന്നും ഗുസ്തിതാരവും ഹരിയാന നിയമസഭാംഗവുമായ വിനേഷ് ഫോഗട്ട്. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളും രാജ്യത്തെ അപമാനിക്കുന്നവരുമായി ചിത്രീകരിക്കുകയാണ്. പ്രതിഷേധമെന്ന മഹാസമുദ്രത്തെ മനസിലാക്കാന്‍ സമഗ്രാധിപത്യ സര്‍ക്കാറുകള്‍ക്കാവില്ല. സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചാല്‍ മാത്രം പോരെന്നും സ്ത്രീകള്‍ പുറത്തേക്കു വന്ന് ശക്തി തെളിയിക്കണമെന്നും അവര്‍ പറഞ്ഞു. ദേശീയ വനിത മത്സ്യത്തൊഴിലാളി സമ്മേളനത്തിന്റെ സമാപന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിനേഷ് ഫോഗട്ട്.
മത്സ്യത്തൊഴിലാളികളുടെ സമരം വ്യക്തി നേട്ടങ്ങള്‍ക്കല്ല, കടലിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ജയിക്കുമോ തോല്‍ക്കുമോ എന്നതിലല്ല, മൈതാനത്ത് തന്നെ നമ്മള്‍ നിലകൊള്ളുക എന്നതിലാണു കാര്യം. സ്ത്രീകള്‍ ഒരുമിച്ചുനിന്നാല്‍ രാജ്യത്ത് പല മാറ്റങ്ങളും കൊണ്ടുവരാനാകും. കായിക മേഖലയെടുത്താല്‍, ആര് കളിക്കണം,ആര് കളിക്കേണ്ട എന്നു തീരുമാനിക്കുന്നതു ചില ശക്തികേന്ദ്രങ്ങളാണ്. ഇക്കാര്യത്തില്‍ രാജ്യത്തെ മറ്റു മേഖലകളുടെ പരിച്ഛേദം മാത്രമാണു കായികമേഖല. തിരിഞ്ഞുനോക്കുമ്പോള്‍ പലതും താന്‍ എങ്ങനെ നേരിട്ടെന്ന് അദ്ഭുതപ്പെടും. തോല്‍ക്കാതെ പോരാടുക എന്ന ചിന്ത എപ്പോഴുമുണ്ടായിരുന്നു. ഗുസ്തി രംഗത്ത് പെണ്‍കുട്ടികളെ നിരുത്സാഹപ്പെടുത്തിയിരുന്ന കാലത്താണു താനുള്‍പ്പെടെയുള്ള പലരും അതിജീവിച്ചത്. മാറ്റം സാധ്യമാകണമെങ്കില്‍ തെരുവിലിറങ്ങണം. ജയപരാജയങ്ങളല്ല അടിസ്ഥാനം.
അവസാന നിമിഷം വരെ തെരുവില്‍ തുടരുക; നമ്മളിവിടെ ജീവിച്ചിരുന്നു എന്നതിന്റെ തെളിവാണതെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ബേബി മേഴ്‌സി, സുകാലു, സരോജ, ചിത്ര, കാരമല്‍ ബെനഡിക്റ്റ്, സിസ്റ്റര്‍ വനജ, മീര സംഘമിത്ര തുടങ്ങിയവര്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനു സംസ്ഥാനദേശീയ തലങ്ങളില്‍ നയപരമായ മാറ്റങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനുള്ള കൂട്ടായ പ്രവര്‍ത്തനം, ഐക്യം, പ്രതിബദ്ധത എന്നിവയോടു മുന്നോട്ടുപോകാന്‍ സമ്മേളനം തീരുമാനിച്ചു.തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായി മേഖലാ യോഗങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
തീരദേശ മഹിളാ വേദി, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എന്നിവ സംയുക്തമായാണു സമ്മേളനം സംഘടിപ്പിച്ചത്.
സ്ത്രീകള്‍ക്കുള്ള ഏക പരിഹാരം പോരാട്ടം: വിനേഷ് ഫോഗട്ട്
രാജ്യത്ത് എല്ലാ രംഗത്തും സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമമുണ്ടെന്നും ഗുസ്തിതാരവും ഹരിയാന നിയമസഭാംഗവുമായ വിനേഷ് ഫോഗട്ട്. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളും രാജ്യത്തെ അപമാനിക്കുന്നവരുമായി ചിത്രീകരിക്കുകയാണ്.
New Update