വയനാട് ദുരന്തം; കേന്ദ്രത്തിൽ നിന്ന് ഒരു സഹായവും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

പ്രത്യേക ദുരന്തത്തിന്‍റെ ഭാഗമായി ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് ശേഷം ദുരന്തം സംഭവിച്ച പല സംസ്ഥാനങ്ങൾക്കും കേന്ദ്രം തുക അനുവദിച്ചു.

author-image
anumol ps
New Update
modi and pinarayi vijayan

 

 

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്രത്തിൽ നിന്ന് ഇതുവരെ യാതൊരു വിധത്തിലുള്ള സഹായവും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക ദുരന്തത്തിന്‍റെ ഭാഗമായി ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് ശേഷം ദുരന്തം സംഭവിച്ച പല സംസ്ഥാനങ്ങൾക്കും കേന്ദ്രം തുക അനുവദിച്ചു. കേന്ദ്രം സഹായം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജനങ്ങളിൽ നിന്ന് ഇക്കാര്യത്തിൽ വലിയ പ്രതിഷേധം ഉയർന്നു വരുന്നുണ്ട്. കേന്ദ്രം ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. മന്ത്രിസഭാ യോഗം ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്തു. കേന്ദ്ര സർക്കാർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതീക്ഷ കൈവിടാൻ കഴിയില്ലല്ലോ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം കേരളമുൾപ്പെടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങൾക്ക് ധനസഹായം അനുവദിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്ഡിആര്‍എഫ്) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആറ്‍എഫ്) നിന്നുള്ള മുൻകൂർ തുകയായുമാണ് 14 പ്രളയബാധിത സംസ്ഥാനങ്ങൾക്ക് 5858.60 കോടി രൂപ അനുവദിച്ചത്. 

മഹാരാഷ്ട്രയ്ക്ക് 1492 കോടി, ആന്ധ്രപ്രദേശിന് 1036 കോടി, അസമിന് 716 കോടി, ബിഹാറിന് 655.60 കോടി, ഗുജറാത്തിന് 600 കോടി, ഹിമാചൽ പ്രദേശിന് 189.20 കോടി, കേരളത്തിന് 145.60 കോടി, മണിപ്പൂരിന് 50 കോടി, മിസോറമിന് 21.60 കോടി, നാഗാലാൻഡിന്ന് 19.20 കോടി, സിക്കിമിന് 23.60 കോടി, തെലങ്കാനയ്ക്ക് 416.80 കോടി, ത്രിപുരയ്ക്ക് 25 കോടി, പശ്ചിമ ബംഗാളിന് 468 കോടി എന്നിങ്ങനെയാണ് തുക അനുവദ‌ിച്ചത്. അതേസമയം, 3000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്.

Wayanad landslide