നവംബര്‍ നാലിന് കൊച്ചിയില്‍ ആരംഭിക്കുന്ന സംസ്ഥാന കായികമേളയുടെ ഉദ്ഘാടന വേദിയില്‍ മാറ്റം. പുതുക്കിയ തീരുമാനമനുസരിച്ചു മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഉദ്ഘാടന ചടങ്ങുകള്‍ വൈകിട്ട് നടക്കുമെന്നു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന മാധ്യമ പ്രതിനിധികളുടെ യോഗത്തില്‍ അറിയിച്ചു.
നേരത്തെ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ സാങ്കേതികമായ കാരണങ്ങളാല്‍ വേദി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 17 വേദികളിലായി 24000 ഓളം കുട്ടികള്‍ മത്സരിക്കും.
ദേശീയ നിലവാരത്തില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടനദിവസം 3000 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ മഹാരാജാസ് കോളേജ് മൈതാനിയില്‍ അരങ്ങേറും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ സമ്മാനിക്കും. ഈ മെഡല്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് വകുപ്പിന് കൈമാറിയതായി മന്ത്രി അറിയിച്ചു. കായികമേളയുടെ പ്രചാരണം അറിയിച്ചുള്ള വിളംബര ജാഥകള്‍ കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നു പുറപ്പെട്ട് മൂന്നിന് വൈകിട്ട് കൊച്ചിയിലെത്തും. പരിപാടിയുടെ പൂര്‍ണമായ വിജയത്തിനു മാധ്യമങ്ങളുടെ എല്ലാ പിന്തുണയും മന്ത്രി അഭ്യര്‍ഥിച്ചു. മാധ്യമങ്ങള്‍ക്ക് സുഗമമായ കവറേജിനു സൗകര്യം ഒരുക്കുന്നതിന് എറണാകുളം പ്രസ്ക്ലബ് പ്രസിഡന്റും സെക്രട്ടറിയും ട്രഷറും ഉള്‍പ്പെട്ട മീഡിയ സമിതിക്കും രൂപം നല്കി. യോഗത്തില്‍ വിവിധ മാധ്യമ പ്രതിനിധികള്‍ പങ്കെടുത്തു. പബ്ളിസിറ്റി കമ്മിറ്റി ചെയര്മാന് ടി ജെ വിനോദ് എംഎല്‍എ മീഡിയ റൂം സംബന്ധിച്ചകാര്യങ്ങള്‍ വിശദീകരിച്ചു. പ്രധാന വേദിയായ മഹാരാജാസ് കോളേജില്‍ ആയിരിക്കും മീഡിയ റൂം പ്രവര്‍ത്തിക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്കു ഇവിടെ ഇരുന്നു വാര്‍ത്തകള്‍ നല്കാന് വൈഫൈ ഉള്‍പ്പെടെ സൗകര്യം ഒരുക്കും. മത്സരം നടക്കുന്ന 17 വേദികളുമായി ബന്ധിപ്പിച്ച് നെറ്റ്വര്‍ക്ക് സംവിധാനവും ഉണ്ടാകും. കെ എന്‍ ഉണ്ണികൃഷ്ണന് എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷ്, ജിസിഡിഎ ചെയര്മാന് കെ ചന്ദ്രന്‍പിള്ള, കേരള ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധി നവാസ് ബീരാന് എന്നിവരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
പി ആര് ശ്രീജേഷ് ബ്രാന്‍ഡ് അംബാസഡര്‍
പ്രശസ്ത ഹോക്കി താരം പി ആര് ശ്രീജേഷ് സംസ്ഥാന കായിക മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കായികമേളയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ വീഡിയോയിലെ ഭിന്നശേഷിക്കാരനായ താരം പ്രണവ് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം നവംബര്‍ 11 ന് വൈകിട്ട് മഹാരാജാസ് കോളേജ് മൈതാനിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് ട്രോഫി സമ്മാനിക്കും.