സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങളിൽ വ്യക്തത വരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥി തൊഴിലാളികളുടെയും രജിസ്‌ട്രേഷൻ പുരോഗമിക്കുന്നതായി തൊഴിൽ വകുപ്പ് മന്ത്രി കൂടിയായ വി ശിവൻകുട്ടി പറഞ്ഞു. സെക്രട്ടേറിയറ്റ് ലയം ഹാളിൽ കേരള അതിഥി ആപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള അതിഥി ആപ്പ് വരുന്നതോടെ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ സുഗമമായി അതിവേഗം പൂർത്തിയാക്കാനാകും. നാഷണൽ ഇൻഫോമാറ്റിക് സെന്റർ വികസിപ്പിച്ചെടുത്ത ആപ്പിന്റെ ടെസ്റ്റിംഗ് പൂർത്തിയാക്കി കഴിഞ്ഞു. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും ശിവൻകുട്ടി വ്യക്തമാക്കി.
അതിഥി പോർട്ടൽ വഴി ഇതോടകം 1,59,884 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളികൾക്കും അവരുടെ കരാറുകാർക്കും തൊഴിലുടമകൾക്കും മൊബൈൽ ആപ്പിലൂടെ രജിസ്ര്‌ടേഷൻ പൂർത്തിയാക്കാം.
പോർട്ടലിൽ ഉൾപ്പെടുത്തുന്ന വിവരങ്ങൾ അസിസ്റ്റന്റ് ലേബർ ഓഫീസർ പരിശോധിച്ച് സ്ഥിരീകരിക്കും. അസി ലേബർ ഓഫീസർ പരിശോധന പൂർത്തിയാക്കുന്നത് അനുസരിച്ച് തൊഴിലാളികൾക്ക് വെർച്വൽ ഐഡി കാർഡുകൾ ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഇനി മുതൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് ഈ കാർഡ് ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.