കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയോടും നടി പ്രയാഗ മാർട്ടിനോടും ചോദ്യംചെയ്യലിന് ഹാജരാകാൻ മരട് പോലീസിന്റെ നിർദേശം. ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇരുവരും പാർട്ടിയിൽ പങ്കെടുത്തിരുന്നോയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. വ്യാഴാഴ്ച രാവിലെ 10-ന് ഇരുവരും സ്റ്റേഷനിൽ ഹാജരാകണം.
കേസിൽ, നാലുപേരെക്കൂടി അന്വേഷക സംഘം ബുധനാഴ്ച ചോദ്യം ചെയ്തു. ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഹോട്ടലിൽ സന്ദർശകരെയെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവരെന്നും സൂചനയുണ്ട്. ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങൾകൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
സന്ദർശകരെ എത്തിച്ച ബിനു ജോസഫിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഓംപ്രകാശും കൊല്ലം സ്വദേശിയായ കൂട്ടാളി ഷിഹാസുമാണ് ആദ്യം അറസ്റ്റിലായത്. ഗുണ്ടാ നേതാവ് ഭായ് നസീറിന്റെ അനുയായിയാണ് ബിനു. ഈ ബന്ധം ഉപയോഗിച്ച് ഓംപ്രകാശുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ലഹരിപ്പാർട്ടിക്ക് ആവശ്യമായ ലഹരി എത്തിച്ചത് ഇയാളാണെന്നാണ് നിഗമനം.
ലഹരിപ്പാർട്ടി നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽനിന്നു കണ്ടെടുത്തത് മയക്കുമരുന്ന് തന്നെയാണെന്ന് സ്ഥിരീകരിച്ചു. പരിശോധനയിൽ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന സിപ്പ് ലോക്ക് കവറും മദ്യക്കുപ്പികളും മാത്രമേ ലഭിച്ചിരുന്നുള്ളൂ. രാസപരിശോധനയിലൂടെയാണ് സിപ്പ് ലോക്ക് കവറിൽ പുരണ്ട മയക്കുമരുന്നിന്റെ സാന്നിധ്യം ഉറപ്പിച്ചത്. ലിഫ്റ്റ്, റിസപ്ഷൻ, ഇടനാഴികൾ എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. ഫോൺകോളുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും ഫലം ലഭിച്ച ശേഷം വിശദമായ ചോദ്യംചെയ്യൽ ആരംഭിക്കും.