ഓം പ്രകാശ് പ്രതിയായുള്ള ലഹരിക്കേസിൽ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും ചോദ്യം ചെയ്യും. മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. അറസ്റ്റിലായ ഓം പ്രകാശുമായുള്ള ബന്ധത്തിൻ്റെ പേരിലാണ് ചോദ്യം ചെയ്യൽ.
നടി പ്രയാഗ മാർട്ടിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിക്കും പൊലീസ് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിനായി നാളെ 11 മണിക്ക് ഹാജരാകാനാണ് നിർദേശം നൽകിയിട്ടുള്ളത്. നേരത്തെ, താരത്തിൻ്റെ മേൽവിലാസങ്ങളിലെല്ലാം അന്വേഷിച്ചിട്ടും പൊലീസിന് ശ്രീനാഥ് ഭാസിയെ കണ്ടെത്താനായിരുന്നില്ല.
ഇക്കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശിൻറെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേര് ഉൾപ്പെട്ടിട്ടുള്ളതായ വിവരം പുറത്തുവന്നത്. നടന്നത് ലഹരി പാർട്ടി തന്നെയാണെന്നും പാർട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്.
അതേസമയം സിനിമാ താരങ്ങൾക്ക് ഒപ്പം റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും. ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യതയുണ്ട്. ഓം പ്രകാശിന്റെ മൊബൈൽ ഫോൺ ഫോറെൻസിക് പരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.