ബഷീർ വടകര
തിരുവനന്തപുരം ജില്ലയിലെ വർക്കല ചെമ്പഴന്തി എന്ന സ്ഥലത്ത് (1856 )ഓഗസ്റ്റ് 20നാണ് ശ്രീനാരായണ ഗുരുദേവന്റെ ജന്മം (1928 )സെപ്റ്റംബർ 20 സമാധി ദിനവുമാണ്..
ഇന്നത്തെ നരച്ച മനസ്സുള്ള സമൂഹത്തിന്റെ ചിന്തകൾക്കുമേൽ അമൃതേത്ത് പകർന്ന് ജീവസുറ്റതാക്കുവാൻ ഓർമ്മയുടെ ഓളപ്പരപ്പിൽ നിന്ന് ഓർത്തെടുത്ത് ആചരിക്കാം ഈ ദിനം.
ലോകം ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും ഗുരുദേവൻ പറഞ്ഞ ഒറ്റ വാക്കിൽ
പരിഹരിക്കാവുന്നതേയുള്ളൂ തീരാവുന്നതേയുള്ളൂ എന്നത് എന്തൊരു അതിശയമാണ് !
"അവനവൻ ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരൻ്റെ സുഖത്തിനായി വരേണം" ഒരു പീഡയൊരുറുമ്പിനും വരുത്തരുതെ യെന്ന് " തുടങ്ങിയ അദ്ദേഹത്തിൻ്റെ വരികൾ കല്ലേപ്പിളർക്കുന്ന കാരുണ്യത്തിന്റെ തിരിച്ചറിവുകളാണ്...
തത്വചിന്തകനും സാമൂഹ്യ പരിഷ്കർത്താവും സന്യാസിയും കവിയും ഒരേ ബിന്ദുവിൽ സമാശ്ലേഷിക്കുന്നു വ്യക്തിത്വമാണ് ഗുരുദേവൻ..
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഏറ്റവും ജാതിവ്യവസ്ഥയെയും മതവൈരത്തെയും മനോഹരമായി ചികിത്സിച്ച മഹാ വൈദ്യന്റെ മഹാവൈഭവം തന്നെ യായിരുന്നു അദ്ദേഹം...
ആലുവ മണപ്പുറം മനവികതയുടെ മണിമുറ്റമാക്കി സംഘടിപ്പിച്ച സർവ്വ മത മഹാ സമ്മേളനത്തിൽ അദ്ദേഹം ലോകത്തോട് പ്രഖ്യാപിച്ചത് തോൽക്കാനും ജയിക്കാനും അല്ല അറിയാനും അറിയിക്കാനുമാണ് നാം ഇവിടെ സമ്മേളിച്ചത് എന്നാണ് .
ഭാരതം കണ്ട ഏറ്റവും മഹാനായ മനുഷ്യൻ ഗാന്ധിജിയാണെങ്കിൽ ശേഷം ഭാരതം നൊന്ത് പെറ്റ ഏറ്റവും മഹാനായ മറ്റൊരു മനുഷ്യൻ ശ്രീനാരായണ ഗുരുദേവൻ തന്നെയാണ്....
എല്ലാ മനുഷ്യരുടെയും സമഗ്രമായ വികസനത്തിലും സാമൂഹിക സമത്വത്തിനും അതിലുപരി ശാന്തിയും സമാധാനവും ഉള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിലും ശ്രീനാരായണ ഗുരുദേവൻ വഹിച്ച പങ്ക് നിസ്തുലമാണ്.
വിദ്യകൊണ്ടെ മനുഷ്യന് പ്രബുദ്ധനാകാൻ കഴിയുകയുള്ളൂ എന്ന മഹത്തായ ആശയത്തിന്റെ പ്രചാരകനായ അദ്ദേഹം കേരളത്തിലെ ഒട്ടനവധി വിദ്യാഭ്യാസ സംരംഭങ്ങൾക്ക് നേതൃത്വം നൽകാൻ പ്രയത്നിച്ചിട്ടുണ്ട്.
ഒരിക്കൽ അരുവിപ്പുറത്ത് വാഴക്കുല മോഷ്ടിച്ച അയൽക്കാരനെ പോലീസ് കെട്ടിയിട്ട് തല്ലാൻ തുടങ്ങിയതറിഞ്ഞപ്പോൾ മർദ്ദന പീഡ കൊണ്ടുള്ള നിലവിളിയാൽ മുഖരിതമായ ഒരന്തരീക്ഷത്തിൽ ഒര് സന്യാസിക്ക് ശ്വസിക്കാൻ എങ്ങനെ കഴിയും എന്നു പറഞ്ഞുകൊണ്ട് ആ വഴിക്ക് പോലും അദ്ദേഹം പോയില്ല...
മതവിശ്വാസങ്ങളെക്കുറിച്ച് അദ്ദേഹത്തിൻെറ കാഴ്ചപ്പാട്
മനുഷ്യന്റെ മാനസികവും അന്തരികവുമായ ചിന്തകളും കാഴ്ചപ്പാടുകളും ദുഷിച്ചു മനസ്സ് രോഗഗ്രസ്തമായാൽ ചികിത്സിക്കാനുള്ള ഏക ഉപാധിയാണ് മതങ്ങൾ എന്നാണ് ആ മഹാ ഗുരു മതദൈവ വിശ്വാസത്തെ വിവക്ഷിച്ചത്.
ശരീരത്തിന് രോഗങ്ങൾ വരുമ്പോൾ വ്യത്യസ്ത ചികിത്സകളെ സമീപിക്കുന്നതുപോലെ മനുഷ്യന്റെ മനസ്സിനും ആത്മാവിനും രോഗം വരുന്നേരം അവലംബിക്കാവുന്ന ഉത്തമ ചികിത്സാരീതി തന്നെയാണ് ഓരോ മതങ്ങളും ആകയാൽ ഒരു മതത്തെയും തള്ളിക്കളയേണ്ടതോ എതിർക്കപ്പെടേണ്ടതോ അല്ല എന്ന ആ വലിയ വിശാലമായ സനാതന ധർമ്മ കാഴ്ചപ്പാടാണ് ഗുരുവിനുണ്ടായത്.
ഇരുളാർന്നുകൊണ്ടിരിക്കുന്ന ഈയൊരു കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായി ചർച്ച ചെയ്യപ്പെടേണ്ടതും ലോകത്തിന്റെ മുമ്പിൽ തന്നെ ഉയർത്തിക്കൊണ്ടു വരേണ്ടതുമായ കാഴ്ചപ്പാടാണ് ശ്രീനാരായണ ഗുരുദേവന്റെത് എന്നത് ഓരോ ഭാരതീയനും അഭിമാനിക്കാൻ കഴിയുന്ന സംഗതിയാണ് ...
മാനവ സമൂഹം തമസിൽ പെട്ടു പോകുന്ന ഏതുകാലത്തും വെളിച്ചം വിതറുന്ന മഹാഗോപുരമായി തമസ്കരിക്കപ്പെടാതെ ഒരു പാട് തലമുറകൾക്ക് വഴികാട്ടിയായി ആ മഹാ ഗുരു ജ്വലിച്ചു നിൽക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.