ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ഒക്ടോബർ ഒന്നുമുതൽ ആറു മാസത്തേക്കാണ് നിയമനം. ബുധനാഴ്ച ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രം നാലമ്പലത്തിലെ നമസ്കാര മണ്ഡപത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തിരഞ്ഞെടുത്തത്.

author-image
Anagha Rajeev
New Update
sreejit guruvayur
Listen to this article
0.75x 1x 1.5x
00:00 / 00:00

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തൃശ്ശൂർ വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരി (36) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ ഒന്നുമുതൽ ആറു മാസത്തേക്കാണ് നിയമനം. ബുധനാഴ്ച ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രം നാലമ്പലത്തിലെ നമസ്കാര മണ്ഡപത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തിരഞ്ഞെടുത്തത്. 18 വർഷമായി വേലൂർ കുറൂരമ്മ കൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തിയാണ് ശ്രീജിത്ത് നമ്പൂതിരി.

കൂടിക്കാഴ്ച്ചക്കു ശേഷം യോഗ്യരായ 42 പേരുകളായിരുന്നു നറുക്കെടുപ്പിന്. പേരുകൾ എഴുതിയ നറുക്കുകൾ വെള്ളിക്കുടത്തിൽ നിക്ഷേപിച്ചു. തന്ത്രിമാരായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി നറുക്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് നമ്പൂതിരിയുടെ പേര് അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ പ്രഖ്യാപിച്ചു.

മേൽശാന്തിയാകുന്നതിന് എട്ടാം തവണയാണ് ശ്രീജിത്ത് നമ്പൂതിരി അപേക്ഷ നൽകുന്നത്. ആദ്യമായാണ് തിരഞ്ഞെടുക്കപ്പെടുന്നത്. പുതുമന പരമേശ്വരൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജ്ജനത്തിൻ്റെയും മകനാണ്. ഭാര്യ: കൃഷ്ണശ്രീ, മക്കൾ: ആരാധ്യ, ഋഗ്വേദ്.

guruvayur