ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് വേണം: സിപിഎം പത്തനംതിട്ട കമ്മിറ്റി

സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചില്ലെങ്കില്‍ ബിജെപിയടക്കമുള്ളവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നാണ് ജില്ലാ കമ്മിറ്റി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

author-image
Prana
New Update
sabarimala

ശബരിമല ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിനെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന ആവശ്യം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചില്ലെങ്കില്‍ ബിജെപിയടക്കമുള്ളവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നാണ് ജില്ലാ കമ്മിറ്റി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
ശബരമിലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് സമാനമായ പ്രതിഷേധങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഇത്തരത്തില്‍ വിശ്വാസികള്‍ക്കിടയില്‍ എതിര്‍പ്പുണ്ടാക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും സിപിഐഎം ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞിരുന്നു. വെര്‍ച്വല്‍ ക്യൂ ഇല്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭക്തരെ ബിജെപി സഹായിക്കുമെന്നും സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ തീരുമാനം പുനഃപരിശോധിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഓണ്‍ലൈന്‍ ബുക്കിംഗിനൊപ്പം സ്‌പോര്‍ട്ട് ബുക്കിംഗും നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം. സ്‌പോട്ട് ബുക്കിംഗ് എണ്ണം കുറച്ചായിരിക്കും നടപ്പിലാക്കുക. ദിവസവും സ്‌പോട്ട് ബുക്കിംഗ് 5000 വരെ പരിമിതപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. മണ്ഡലകാലം ആരംഭിക്കുന്നത് വരെ സ്‌പോട്ട് ബുക്കിംഗ് ഉണ്ടെന്ന പ്രഖ്യാപനം നടത്തില്ല. നട തുറക്കുന്ന ദിവസങ്ങളില്‍ പമ്പയില്‍ അതിനുള്ള സൗകര്യം ഒരുക്കാനാണ് തീരുമാനം.

Sabarimala cpm pathanamthitta spotbooking