കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് സ്‌പൈഡര്‍ സാബുവും കൂട്ടാളിയും പോലീസ് പിടിയില്‍. സംസ്ഥാനത്ത് അന്‍പതിലേറെ മോഷണക്കേസുകളില്‍ പ്രതിയായ സുല്‍ത്താന്‍ബത്തേരി കുപ്പാടി പ്ലാമൂട്ടില്‍ വീട്ടില്‍ സാബു (സ്‌പൈഡര്‍ സാബു-53)വിനെയും ഇയാളുടെ കൂട്ടാളി കോഴിക്കോട് നല്ലളം ചൈത്രം വീട്ടില്‍ അജിത്ത് സത്യജിത്തി(30)നെയുമാണ് പെരുമ്പാവൂര്‍ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അങ്കമാലിയില്‍നിന്ന് പിടികൂടിയത്. കഴിഞ്ഞമാസം 30-ന് കുന്നത്തുനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വീടിന്റെ വാതില്‍പൊളിച്ച് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
അങ്കമാലിയില്‍ മോഷണത്തിന് ഒരുക്കം നടത്തുന്നതിനിടെയാണ് സാബുവും കൂട്ടാളിയും പിടിയിലായത്. ഓഗസ്റ്റ് 30-ന് രാത്രി കുന്നത്തുനാട് മണ്ണൂര്‍ സ്വദേശി പരമേശ്വരന്‍ ഇളയതിന്റെ വീട്ടിലാണ് ഇരുവരും മോഷണം നടത്തിയത്. വാതില്‍പൊളിച്ച് അകത്തുകയറിയ സംഘം നവരത്‌ന മോതിരം, സ്മാര്‍ട് വാച്ചുകള്‍, പെന്‍ക്യാമറ, ടാബ് എന്നിവയും 25,000 രൂപയുമാണ് കവര്‍ന്നത്. സംഭവസമയം വീട്ടുകാര്‍ ബന്ധുവിന്റെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. ഇവിടെനിന്ന് മോഷ്ടിച്ച മോതിരം എറണാകുളത്ത് വില്‍പ്പന നടത്തിയതായും പോലീസ് പറഞ്ഞു.
പകല്‍സമയം ബൈക്കില്‍ കറങ്ങിനടന്ന് ആളില്ലാത്ത വീട് മനസ്സിലാക്കി രാത്രി മോഷണം നടത്തുന്നതാണ് സ്‌പൈഡര്‍ സാബുവിന്റെ രീതി. 2023-ല്‍ മോഷണക്കേസില്‍ അറസ്റ്റിലായ സാബു ജയിലില്‍വെച്ചാണ് മയക്കുമരുന്ന് കേസില്‍ പ്രതിയായ അജിത്തുമായി പരിചയത്തിലായത്. കഴിഞ്ഞ മാര്‍ച്ചില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഇരുവരും പിന്നീട് ഒരുമിച്ച് താമസിച്ച് മോഷണം നടത്തി വരികയായിരുന്നു.
കോഴിക്കോട്, വയനാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലായി അന്‍പതിലേറെ മോഷണക്കേസുകളിലെ പ്രതിയാണ് സ്‌പൈഡര്‍ സാബു. 2001-ല്‍ കോഴിക്കോട്ട് മോഷണത്തിനിടെ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസും ഇയാള്‍ക്കുണ്ട്.
എ.എസ്.പി. മോഹിത് റാവത്തിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എ.എല്‍. അഭിലാഷ്, എസ്.ഐ.മാരായ ടി.എസ്. സനീഷ്, ജെ.സജി, എ.എസ്.ഐ. പി.എ. അബ്ദുള്‍ മനാഫ്, സീനിയര്‍ സി.പി.ഒ.മാരായ മനോജ്കുമാര്‍, ടി.എ. അഫ്‌സല്‍, ബെന്നി ഐസക്ക്, വര്‍ഗീസ് വേണാട്ട് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.