കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും എൻഡിഎ വോട്ടുവിഹിതം കുത്തനെ ഉയർത്തി ശോഭ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ വൈകിട്ട് 4 മണിവരെ പുറത്തുവിട്ട കണക്കനുസരിച്ച് 28.37 ശതമാനം വോട്ടുകളാണ് ശോഭ നേടിയിട്ടുള്ളത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി നേടിയത് 17.24 ശതമാനം വോട്ടാണെങ്കിൽ ഇത്തവണ 11.13 ശതമാനം വോട്ട് അധികമാണ് ശോഭ സുരേന്ദ്രൻ നേടിയത്. അതായത്, ആലപ്പുഴയിൽ എൻഡിഎയുടെ വോട്ട് കഴിഞ്ഞ തവണത്തേക്കാൾ 1.07 ലക്ഷം വർധിച്ചു.
കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും നിലവിലെ എംപിയായിരുന്ന എ.എം.ആരിഫും നേർക്കുനേർ ഏറ്റുമുട്ടിയ മത്സരത്തിൽ ഒടുവിലായാണ് ശോഭ സുരേന്ദ്രനും സ്ഥാനാർഥിയായി എത്തിയത്. സംസ്ഥാന ബിജെപി നേതൃത്വത്തിന് വലിയ താൽപര്യമില്ലായിരുന്നു എങ്കിലും ശോഭയ്ക്ക് സീറ്റ് ലഭിക്കുകയായിരുന്നു.
കഴിഞ്ഞ തവണ ശോഭ മത്സരിച്ച ആറ്റിങ്ങൽ സീറ്റിൽ ഇത്തവണ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് മത്സരിച്ചത്. ആറ്റിങ്ങൽ മത്സരിച്ചപ്പോഴും ശോഭ എൻഡിഎയുടെ വോട്ടുവിഹിതം ഉയർത്തിയിരുന്നു. ആലപ്പുഴയിൽ നിറഞ്ഞ ശോഭയുടെ സാന്നിധ്യവും പ്രസംഗങ്ങളും തന്നെയാണ് അവർക്ക് വോട്ടു നേടിക്കൊടുത്തത്. ഇ.പി.ജയരാജൻ–ദല്ലാൾ നന്ദകുമാർ–പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച ഉൾപ്പെടെ ശോഭ വെളിപ്പെടുത്തിയ നീക്കങ്ങൾ എല്ലാം തന്നെ ലക്ഷ്യസ്ഥാനം കണ്ടിരുന്നു. 40,000 വോട്ടുകളുടെ വ്യത്യാസമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള എ.എം.ആരിഫും ശോഭ സുരേന്ദ്രനും തമ്മിലുള്ളത്.