ലുലുമാളിൽ നടന്ന ഓഫർ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം. ഒമ്പത് പേർ പിടിയിൽ. ലോകത്തിലെ ഏല്ലാ ലുലു മാളുകളിലും ജൂലൈ നാല് മുതൽ ഏഴ് വരെയാണ് ഓഫർ സെയിൽ നടന്നത്. ഇതിനിടെയാണ് മോഷണവും നടന്നു. തിരുവനന്തപുരത്തെ ലുലു മാളിലാണ് മോഷണം നടന്നത്.
ഓഫർ സെയിലിനിടെ താൽക്കാലിക ജോലിക്കായി മാളിലെത്തിയ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ആറ് ലക്ഷത്തോളം വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കസ്റ്റഡിയിലെടുത്ത ഒമ്പത് പേരിൽ ആറ് പേർ പ്രായപൂർത്തിയാകാത്തവരാണ്. സംഭവത്തെ തുടർന്ന് പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കാണാതായ ഫോണുകൾ പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഐ ഫോൺ വെച്ചിരുന്ന ഒരു കിറ്റ് പൊട്ടിച്ച് ഉപേക്ഷിച്ച നിലയിൽ ജീവനക്കാർ കണ്ടെത്തുകയായിരുന്നു. 14 ഫോണുകൾ സൂക്ഷിച്ചിരുന്ന കിറ്റിൽ നിന്നും 6 ഫോണുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഉടൻ തന്നെ സംശയം തോന്നിയ താൽക്കാലിക ജീവനക്കാരെ അടക്കം വിളിച്ച് സ്ഥാപനത്തിലെ ആളുകൾ ചോദ്യം ചെയ്തു.
തുടർന്ന് ലുലു മാൾ അധികൃതർ പേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. പോലീസെത്തി സി സി സി ടിവി അടക്കം വിശദമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംശയമുള്ള 9 പേരേയും സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിക്കുന്നത്. ആറ് ഫോണുകൾ ആദ്യം കടത്തിയതിന് പിന്നാലെ ബാക്കി ഫോണുകളും കടത്താനായിരുന്നു തീരുമാനമെന്നും പൊലീസ് വ്യക്തമാക്കി.