തിരുവനന്തപുരം: അമ്മ മുൻ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി ഹേമ കമ്മിറ്റി റിപ്പോർട്ട് അന്വേഷിക്കുന്ന എസ്.ഐ.ടി. സംഘം. ഓരോരുത്തരേയും നേരിട്ട് സന്ദർശിച്ചാണ് മൊഴി രേഖപ്പെടുത്തുന്നത്. ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന പരാതികൾ അമ്മ സംഘടനയ്ക്ക് മുന്നിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.
ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവരെ നേരിട്ട് കണ്ട് വീണ്ടും മൊഴി രേഖപ്പെടുത്തുന്ന നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു എസ്.ഐ.ടി. അതിനിടയിൽ, ആ മൊഴികളിൽ പല ആളുകളും പറയുന്നത് ദുരനുഭവങ്ങളെ കുറിച്ച് അമ്മ സംഘടനയ്ക്ക് പരാതി നൽകിയിരുന്നു എന്നാണ്. നടപടിയെടുത്തില്ലെന്ന് മാത്രമല്ല, കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സംഘടനയുടേതെന്നും പലരും പറയുന്നു.
എന്തുകൊണ്ട് ഇത്തരത്തിൽ വീഴ്ചയുണ്ടായി എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ആരോപണം ശരിയാണെങ്കിൽ മുൻ ഭാരവാഹികളെക്കൂടി നിയമനടപടികളുടെ കീഴിലേക്ക് കൊണ്ടുവരാനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.