വിവാഹം നടക്കാനിരിക്കെ കാണാതായ വരനായുള്ള തിരച്ചില്‍ നാലാം ദിവസവും ഊര്‍ജിതമായി തുടരുകയാണ് പൊലീസ്. പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്ത് (30)നെയാണ് കാണാതായത്. അവസാനം വിളിച്ചപ്പോള്‍ സാധാരണ രീതിയിലാണ് സംസാരിച്ചതെന്നും ഒരു ലക്ഷം രൂപ സുഹൃത്തില്‍ നിന്നും വാങ്ങിയിരുന്നുവെന്നും സഹോദരി പറഞ്ഞു. യുവാവ് കഞ്ചിക്കോട് നിന്നും പാലക്കാട്ടേക്ക് ബസ് കയറിയതായാണ് സുഹൃത്തില്‍ നിന്നും അവസാനം ലഭിച്ച വിവരമെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.
'പാലക്കാടുനിന്ന് കോയമ്പത്തൂരിലേക്കുള്ള ബസ് കയറിപ്പോയെന്നാണ് പൊലീസ് അവസാനമായി പറഞ്ഞത്. അവരിപ്പോള്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പറഞ്ഞിട്ടുള്ളത്. നാലാം തീയതി രാത്രി എട്ടേകാലിനാണ് അവസാനം എന്നെ വിളിക്കുന്നത്. ഞങ്ങള്‍ ആ സമയം മഞ്ചേരിയിലായിരുന്നു. സാധാരണരീതിയില്‍ തന്നെയാണ് സംസാരിച്ചത്. അതിനുശേഷം അവന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിറ്റേദിവസം രാവിലെയായിട്ടും അവനെ കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. ഫോണ്‍ അപ്പോഴും സ്വിച്ച് ഓഫായിരുന്നു. അങ്ങനെ പലയിടത്ത് അന്വേഷിച്ചപ്പോഴാണ് പാലക്കാട് ഒരു സുഹൃത്ത് ഉണ്ടെന്ന് അറിയുന്നത്. അയാളുടെ നമ്പര്‍ സംഘടിപ്പിച്ച് അയാളെ വിളിച്ചു. വിഷ്ണു കാണാന്‍ വന്നിരുന്നതായും ഒരുലക്ഷം രൂപ റെഡിയാക്കി നല്‍കിയെന്നും സുഹൃത്തായ ശരത് പറഞ്ഞു. ഒരുലക്ഷം വാങ്ങി കഞ്ചിക്കോടുനിന്ന് പാലക്കാട്ടേക്ക് ബസ് കയറിയെന്നും സ്‌റ്റേഡിയം സ്റ്റാന്‍ഡില്‍ ഇറങ്ങിയെന്നും ശരത് പറഞ്ഞിരുന്നു. അതിനുശേഷം അവനെയും വിളിച്ചിട്ടില്ല. അത്രയും കാര്യങ്ങളെ അവനും അറിയൂ. വിവാഹാവാശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ നാലാം തീയതി വിഷ്ണു പതിനായിരം രൂപ എന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു. അപ്പോഴും പണം വാങ്ങിയ കാര്യമോ എത്ര പണം കൈയില്‍ ഉണ്ടെന്നോ പറഞ്ഞിരുന്നില്ല', സഹോദരി പറഞ്ഞു.
അതേസമയം പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നാലാം തീയതി രാത്രി 7.45ന് യുവാവ് കോയമ്പത്തൂര്‍ ബസ് കയറുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിലുള്ളത് വിഷ്ണു തന്നെയാണെന്ന് കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. പോകുന്ന വിവരമൊന്നും നേരത്തെ പറഞ്ഞിരുന്നില്ല. കല്യാണത്തിന്റെ ആവശ്യത്തിനായി പോയെന്ന് അവിടെ എത്തിയിട്ടാണ് വിളിച്ചുപറഞ്ഞത്. കോയമ്പത്തൂര്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. ബാ?ഗ് കൊണ്ട് പോകുന്നത് കണ്ടു എന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ പോകുമ്പോള്‍ കയ്യില്‍ ബാ?ഗുണ്ടായിരുന്നില്ല. പാലക്കാട് സുഹൃത്തിനെ കാണാന്‍ ചെന്നപ്പോഴും ബാ?ഗുള്ളതായി വിവരമില്ലെന്നും സഹോദരി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
പോകുന്നത് വരെ മകന്‍ സന്തോഷത്തിലായിരുന്നു വെന്നും വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടിക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കണമെന്ന് പറഞ്ഞ് വിഷ്ണു സഹോദരിയുടെ അക്കൗണ്ടിലേക്ക് പണമയച്ചിരുന്നുവെന്നും അച്ഛന്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദങ്ങളുണ്ടായതായി അറിയില്ലെന്നും അച്ഛന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
സെപ്റ്റംബര്‍ എട്ടിനായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഈ മാസം നാലിനാണ് യുവാവ് പാലക്കാട് പോയത്. അതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. വിവാഹ ആവശ്യത്തിനായി പണം സംഘടിപ്പിക്കാനാണ് വിഷ്ണു പാലക്കാട് സുഹൃത്തിന്റെ പക്കലെത്തിയത്. അന്ന് എട്ടു മണിക്ക് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെയും, സുഹൃത്തിനെയും വിഷ്ണു വിളിച്ചിരുന്നു. ചെറിയ പ്രശ്‌നം ഉണ്ട്, അത് തീര്‍ത്തിട്ട് വരാം എന്ന് പറഞ്ഞു. എന്താണ് പ്രശ്‌നമെന്ന് പറഞ്ഞില്ലെന്നും സഹോദരി പറഞ്ഞു. താലിമാലയും മോതിരവും മാത്രമാണ് വാങ്ങാന്‍ ബാക്കിയുണ്ടായിരുന്നത്. മറ്റ് പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും സഹോദരി പറഞ്ഞു.