കെപിസിസി ഡിജിറ്റൽ സെൽ മുൻ അധ്യക്ഷനും പാലക്കാട് ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി സരിനെതിരെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സരിൻ ഒരു നിഴൽ മാത്രമാണെന്നും ബുദ്ധിയും വിവരമുണ്ടെങ്കിലും വിവരക്കേടെ പറയൂവെന്നും സുധാകരൻ പരിഹസിച്ചു. അത് സരിന്റെ കുറ്റമല്ലെന്നും ജന്മദോഷമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സരിനെ കൊണ്ടുപോയാൽ പാലക്കാട് പിടിക്കാൻ കഴിയില്ലെന്നും കെ സുധാകരൻ പറഞ്ഞു.
വയനാട് യുഡിഎഫിന്റെ കെട്ടുറപ്പുള്ള മണ്ഡലമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ‘സരിനെ കൊണ്ടുപോയാൽ പാലക്കാട് പിടിക്കാൻ കഴിയില്ല. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി സിപിഐഎമ്മിന് തന്നെ ഭീഷണി. മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കും. വയനാട് യുഡിഎഫിന്റെ കെട്ടുറപ്പുള്ള മണ്ഡലമാണ്. ഇവിടെ വന്ന് സീറ്റ് പിടിച്ച് പോകാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഡികളുടെ സ്വർഗത്തിലാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ നാട് മുടിച്ചെന്നും 8 വർഷം ഭരിച്ച പിണറായി വിജയൻ ഭരിക്കാൻ അറിയാത്ത മുഖ്യമന്ത്രിയാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. പിണറായി വിജയന്റെ നാട്ടിൽ മത്സരിച്ചപ്പോൾ പോലും എനിക്ക് ഒന്നര ലക്ഷം ഭൂരിപക്ഷം കിട്ടി. സിപിഐഎമ്മിന്റെ വോട്ട് കിട്ടിയതുകൊണ്ടാണ് എനിക്ക് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം കിട്ടിയത്. ഭരിക്കാൻ അറിയാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പണം കൊള്ളയടിക്കാൻ മാത്രം അറിയാമെന്നും കെ സുധാകരൻ പറഞ്ഞു.