ഒറ്റത്തിരഞ്ഞെടുപ്പ് തുഗ്ലക്ക് പരിഷ്‌കാരമെന്ന് വി.ഡി. സതീശന്‍

ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയിലാണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന തലതിരിഞ്ഞ ആശയം കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രായോഗികമല്ല.

author-image
Prana
New Update
VD Satheesan
Listen to this article
0.75x 1x 1.5x
00:00 / 00:00

കേന്ദ്രസര്‍ക്കാരിന്റെ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയിലാണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന തലതിരിഞ്ഞ ആശയം കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രായോഗികമല്ല. എല്ലാ നിയന്ത്രണവും തങ്ങളിലേക്ക് കൊണ്ടുവരാനുള്ള ഗൂഢനീക്കമാണ് ഒറ്റത്തിരഞ്ഞെടുപ്പിലൂടെ മോദിയും സംഘ്പരിവാറും ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തോട് തന്നെയുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
'ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വ്യത്യസ്തങ്ങളായ സംസ്‌കാരവും ജീവിത രീതികളും വിവിധ ഭാഷകളുമൊക്കെ ചേര്‍ന്നതാണ് ഇന്ത്യ. പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും രാഷ്ട്രീയ വിഷയങ്ങളുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ അധികാരത്തുടര്‍ച്ചയുടെ ധാര്‍ഷ്ട്യത്തില്‍ ബി.ജെ.പിയും സംഘ്പരിവാറും ജനാധിപത്യം എന്ന ആശയത്തെ തന്നെ അട്ടിമറിക്കുകയാണ്. ജനവിധി ബോധപൂര്‍വം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനവികാരം ഉയരും. ആ ജനവികാരത്തിന് വഴങ്ങി തുഗ്ലക്ക് പരിഷ്‌കാരത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് പിന്തിരിയേണ്ടിവരുമെന്നും ഉറപ്പാണ്.' വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയനും 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കി കേന്ദ്രസര്‍ക്കാരിന് സര്‍വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് ബില്ലിന് പിന്നിലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വൈവിധ്യ സ്വഭാവത്തെ തച്ചുതകര്‍ക്കാനായാണ് 'ഒറ്റ തെരഞ്ഞെടുപ്പ്' മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നും ഉന്നത വൃത്തങ്ങളില്‍നിന്ന് സൂചനകളുണ്ട്. കേന്ദ്രനീക്കത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്.

 

vd satheesan one nation one election