തിരുവനന്തപുരം: വിജിലൻസിന് ഊമക്കത്തായി ലഭിക്കുന്ന പരാതികളിൽ 15 ശതമാനമെങ്കിലും തുടർനടപടികളിലേക്ക് നീങ്ങേണ്ടവയെന്നും കണക്കുകൾ വ്യക്തമാക്കി. 2016 മുതൽ കഴിഞ്ഞമാസം വരെ വിജിലൻസിന്റെ വിവിധ ഓഫീസുകളിലായി 3104 ഊമക്കത്തുകളാണ് ലഭിച്ചിരുന്നത്.പ കത്തുകൾ ഇ-മെയിലായും തപാൽവഴിയും ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയുള്ള കൈക്കൂലി ആക്ഷേപങ്ങളും അനധികൃത സ്വത്ത് സമ്പാദനവും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ലഭിച്ചത്.
ഇത് സംബന്ധിച്ച് നടത്തിയ പരിശോധനയിൽ 489 പരാതികളിൽ മാത്രമാണ് കഴമ്പുണ്ടെന്ന് കണ്ടെത്തിയതും വിജിലൻസ് തുടർനടപടികൾ കൈക്കൊണ്ടതും. സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിക്കും ക്രമവിരുദ്ധ നടപടികൾക്കുമെതിരേ പൊതുജനങ്ങൾക്ക് വിജിലൻസിനെ സമീപിക്കാമെന്ന ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരം കത്തുകളെത്തുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
കാസർകോട് ഒഴികെയുള്ള വിജിലൻസിന്റെ മിക്ക ഓഫീസുകൾക്കും ഊമക്കത്തായി പരാതികൾ ലഭിച്ചിട്ടുണ്ട്. എറണാകുളത്തുള്ള മധ്യമേഖലാ ഓഫീസിലാണ് ഏറ്റവുമധികം പരാതികൾ ലഭിച്ചിട്ടുള്ളത്.