വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണം ആത്മഹത്യ തന്നയാണോ എന്നതിൽ വിശദപരിശോധനയ്ക്ക് സിബിഐ.ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സിബിഐ ഡൽഹി എയിംസിന്റെ സഹായം തേടിയിരിക്കുകയാണ്.സിദ്ധാർഥന്റെ മരണം അന്വേഷിക്കുന്ന ഡൽഹി സിബിഐ യൂണിറ്റ് എറണാകുളം ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് തൂങ്ങിമരണമെന്ന നിഗമനം പുനഃപരിശോധിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
സിദ്ധാർഥന്റെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം സമയത്ത് എടുത്ത ഫോട്ടോകൾ സഹിതം പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് ഡോക്ടറുടെ കുറിപ്പുകൾ എന്നിവ വിശദമായി പരിശോധിക്കാനാണ് നീക്കം.ഇതിനായാണ് അന്വേഷണസംഘം ഡൽഹി എയിംസിനെ സമീപിച്ചിരിക്കുന്നത്.ഇക്കാര്യങ്ങളിൽ മെഡിക്കൽ ബോർഡിന്റെ വിദഗ്ധാഭിപ്രായം അഭിപ്രായത്തിനായി കാത്തിരിക്കുകയാണെന്നും മരണത്തിൽ മറ്റുള്ളവരുടെ പങ്ക് കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സിദ്ധാർഥന്റെ മരണം പുനഃസൃഷ്ടിച്ചിരുന്നു. വിദ്യാർഥിയുടെ അതേ ഉയരവും ഭാരവുമുള്ള ഡമ്മി ഉപയോഗിച്ചായിരുന്നു ന്യൂഡൽഹി സിഎഫ്എസ്എല്ലിൽനിന്നുള്ള വിദഗ്ധസംഘത്തിന്റെ പരിശോധന. കുളിമുറിയുടെ അളവുകൾ, അകത്തെ ബോൾട്ടിന്റെ സ്ഥാനം, വാതിലിന്റെ പൊട്ടിയ അവസ്ഥ തുടങ്ങിയവ സിഎഫ്എസ്എൽ സംഘം രേഖപ്പെടുത്തി. ശുചിമുറിയിൽ ശാസ്ത്രീയമായ പരിശോധന നടത്തിയിരുന്നുവെന്നും ഫൈനൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതെസമയം സിദ്ധാർത്ഥനെ ആക്രമിച്ച പ്രതികളുടെ ചെയ്തികൾ എണ്ണിപ്പറയുന്നതാണ് റിപ്പോർട്ട്. സിദ്ധാർത്ഥനെ ആക്രമിക്കാൻ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തി. കൃത്യം നടന്ന ദിവസവും സമയവും ആളുകളുടെ ഇടപെടലും വിശദമായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
സിദ്ധാർഥൻ ഹോസ്റ്റലിൽ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്നും സിബിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സിദ്ധാർഥൻ കോളേജ് ക്യാമ്പസിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു, സമൂഹവിചാരണയ്ക്ക് വിധേയനായി, മണിക്കൂറുകളോളം വൈദ്യസഹായം നിഷേധിക്കപ്പെട്ടുവെന്നും സിബിഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് സിദ്ധാർഥനെ മറ്റ് വിദ്യാർഥികൾ ആക്രമിക്കുന്നത്. ഹോസ്റ്റലിൽ പരസ്യവിചാരണ നടത്തിയായിരുന്നൂ ആക്രമണം. അർധനഗ്നനാക്കി തുടർച്ചയായി മർദിക്കുകയും ചവിട്ടുകയും ചെയ്തു. ബെൽറ്റും കേബിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഹോസ്റ്റൽ അന്തേവാസികളുടെ മുമ്പാകെ കുറ്റം 'ഏറ്റുപറയാൻ' നിർബന്ധിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഹോസ്റ്റലിൽ നേരിട്ട അപമാനവും ആക്രമണവും സിദ്ധാർത്ഥന്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും മുറിവേൽപ്പിച്ചു. ഹോസ്റ്റലിൽ ഒറ്റപ്പെടുത്താനുള്ള ആഹ്വാനം വലിയ മാനസികാഘാതം സൃഷ്ടിച്ചു. ഇതാണ് സിദ്ധാർഥനെ ആത്മഹത്യ ചെയ്യുന്നതിന് പ്രേരിപ്പിച്ചതെന്നും അന്തിമ പ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.