ബലാത്സം​ഗ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ്

ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നൽകുകയായിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ സിദ്ദിഖിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

author-image
anumol ps
New Update
sexual assault case high court reject siddique anticipatory bail

 

 

കൊച്ചി: ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദിഖ്.ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നൽകുകയായിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ സിദ്ദിഖിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. അടുത്ത ആഴ്ച ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് വിവരം. നോട്ടീസ് നൽകി വിളിപ്പിച്ച് സിദ്ദിഖിൻ്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. 

നേരത്തെ, സുപ്രീംകോടതിയുടെ പരിഗണനയിൽ  മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ നോട്ടീസ് നൽകുന്നതിൽ പൊലീസ് തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് തന്നെ അറിയിച്ചത്. ഇത് സിദ്ദിഖിൻ്റെ തന്ത്രപരമായ നീക്കമായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. യുവനടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ ബലാത്സംഗത്തിന് കേസെടുത്തത്.

യുവനടിയിൽ നിന്ന്  മൊഴി രേഖപ്പെടുത്തിയ പ്രത്യേക സംഘം കോടതി വഴി രഹസ്യമൊഴിയെടുത്തിരുന്നു. 2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്. നിള തിയറ്ററിൽ സിദ്ദിഖിൻെറ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും ഇതിനു ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. കേസിൽ സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് സിദ്ദിഖിൻ്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്.

 

 

sexual assault case actor siddique