വിധിയിൽ വലിയ ആശ്വാസമില്ലെന്ന് സിദ്ദിഖിന്റെ മകൻ ഷഹീൻ

സുപ്രീം കോടതി രണ്ടാഴ്ചത്തേയ്ക്കാണ് അറസ്റ്റ് തടഞ്ഞത്. പരാതി നൽകാനുള്ള കാലതാമസം പരിഗണിച്ചാണ് സുപ്രീ കോടതിയുടെ നടപടി. അന്വേഷണത്തോട് സിദ്ദിഖ് സഹകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

author-image
Anagha Rajeev
New Update
shaheen siddique

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് മകൻ ഷഹീൻ സിദ്ദിഖ്. ദൈവത്തിന് നന്ദിയെന്നും അഭിഭാഷകരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും ഷഹീൻ പറഞ്ഞു. വിധിയിൽ വലിയ ആശ്വാസമില്ലെന്നും സിദ്ദിഖിന്റെ മകൻ കൂട്ടിച്ചേർത്തു.

സുപ്രീം കോടതി രണ്ടാഴ്ചത്തേയ്ക്കാണ് അറസ്റ്റ് തടഞ്ഞത്. പരാതി നൽകാനുള്ള കാലതാമസം പരിഗണിച്ചാണ് സുപ്രീ കോടതിയുടെ നടപടി. അന്വേഷണത്തോട് സിദ്ദിഖ് സഹകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. വിചാരണക്കോടതി മുന്നോട്ടുവെയ്ക്കുന്ന ഉപാധികൾ സിദ്ദിഖ് പാലിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയിൽ എത്തിയിരുന്നു.

നടിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടിയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. സിദ്ദിഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഹാജരായി. പരാതി നൽകാൻ കാലതാമസമുണ്ടായി എന്നതായിരുന്നു സിദ്ദിഖിന് വേണ്ടി മുകുൾ റോത്തഗി കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ച കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എട്ട് വർഷം സർക്കാർ എന്തുചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. കേസ് രജിസ്റ്റർ ചെയ്യാൻ എന്തുകൊണ്ട് വൈകി എന്ന കാര്യം സർക്കാർ വിശദീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. പരാതി നൽകാൻ എന്തുകൊണ്ട് വൈകി എന്ന കാര്യം വ്യക്തമാക്കി അതിജീവിത സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

siddique