തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്‌ക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആർഷോ സ്ഥിരമായി എത്താറുണ്ട്. കോളേജിലെ വിദ്യാർത്ഥിയല്ലാത്ത ഒരു വ്യക്തി എന്തിന് പലപ്പോഴായി ക്യാമ്പസിലേക്ക് വന്നതെന്നത് അന്വേഷിക്കണമെന്നും മകന്റെ മരണത്തിൽ ആർഷോയെ പ്രതിചേർത്ത് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർഷോ ചേട്ടൻ ഇവിടെയുണ്ട്. യൂണിയൻ റൂമിൽ കിടക്കുന്നുണ്ട്. രണ്ടു ദിവസം കഴിഞ്ഞേ പോകൂ എന്നൊക്കെ സിദ്ധാർത്ഥൻ പലപ്പോഴായി പറഞ്ഞതായി പിതാവ് വ്യക്തമാക്കി. എട്ട് മാസമായി യൂണിയൻ ഓഫീസിൽ മകൻ ഒപ്പിടാൻ വരുന്നത് കണ്ട് ആർഷോ രസിക്കുകയല്ലേ..അതെന്തു കൊണ്ട് പോലീസ് അമ്പേഷിക്കുന്നില്ല. അതും അന്വേഷിക്കേണ്ടതല്ലേ..മാവോയിസ്റ്റിന് കിട്ടിയിരിക്കുന്ന അതേ ട്രെയിനിംഗാണ് കിട്ടിയിരിക്കുന്നത്. ഒരു ശരീരം എങ്ങനെ മുറിവില്ലാതെ ചതച്ച് റെഡിയാക്കാം..എന്നതാണ് എസ്എഫ്‌ഐ എന്ന നക്‌സൽ തീവ്രവാദികൾ ചെയ്തിരിക്കുന്നത്.സിദ്ധാർത്ഥന്റെ മരണത്തിൽ അവരാണ് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.
എസ്എഫ്‌ഐയും ആഭ്യന്തര വകുപ്പും ഉത്തരാവാദിത്തം പറയണം. കാരണം ഇടതുമുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. പറയാൻ തയ്യാറായില്ലെങ്കിൽ അന്വേഷണം വരുമ്പോൾ പറയാൻ തയ്യാറാകേണ്ടി വരും. ആർഷോയ്‌ക്കോ മറ്റാർക്കും കൊമ്പൊന്നുമില്ല. എല്ലാവരും കേരളത്തിൽ ജീവിക്കേണ്ടവരാണ്. ആർഷോ കോളേജിൽ വന്നിട്ടില്ല എന്നുണ്ടെങ്കിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ ഫോൺ പരിശോധിക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.
ആർഷോയെ പ്രതിചേർക്കാൻ ആവശ്യപ്പെട്ടാലും സർക്കാർ പ്രതി ചേർക്കില്ല. കാരണം ആർഷോ അവരുടെ വിദ്യാർത്ഥി സംഘടനയുടെ നേതാവാണ്. 150 കേസിൽ പ്രതിയായവനെ ഇതിലും പ്രതിചേർക്കാൻ ഭരണകക്ഷിക്ക് സാധിക്കില്ല. സിബിഐ അന്വേഷിച്ച് ആർഷോയിലേക്ക് എത്തട്ടെ. സർക്കാർ അന്വേഷണം ആർഷോയിലേക്കെത്തില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.