തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി ജെ.എസ് സിദ്ധാർഥൻറെ മരണത്തിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, സംസ്ഥാന സർക്കാറിന് വീഴ്ചയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.ബി.ഐക്ക് അന്വേഷണം കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കാണ് ജാഗ്രതക്കുറവ് ഉണ്ടായത്. സിദ്ധാർഥിൻറെ കുടുംബം ആവശ്യപ്പെട്ടപ്പോൾ തന്നെ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടെന്നും മുഖ്യമന്ത്രിനിയമസഭയിൽ വ്യക്തമാക്കി.
ആൾക്കൂട്ടവിചാരണയ്ക്കിരയായ, പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥൻ മരിച്ച കേസ് സി.ബി.ഐ.ക്ക് കൈമാറാത്തത് വിവാദമായതോടെയാണ് സർക്കാർ നടപടികൾ ഊർജിതമാക്കിയത്. അന്വേഷണം അട്ടിമറിക്കുന്നെന്ന് ആരോപിച്ച് സിദ്ധാർഥന്റെ കുടുംബവും പ്രതിപക്ഷവും രംഗത്തെത്തിയതോടെയാണ് പ്രത്യേക ദൂതൻവഴി രേഖകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എത്തിച്ചത്. രേഖകൾ യഥാസമയം കൈമാറുന്നതിൽ വീഴ്ചവരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
അന്വേഷണം കൈമാറാനുള്ള സർക്കാർ വിജ്ഞാപനം മാർച്ച് 16-ന് സി.ബി.ഐ. കൊച്ചി ഓഫീസിന് നൽകിയിരുന്നു.എന്നാൽ, പെർഫോമ റിപ്പോർട്ട് കൈമാറിയില്ല. സംസ്ഥാന ആഭ്യന്തരവകുപ്പാണ് നൽകേണ്ടത്. പ്രഥമവിവര റിപ്പോർട്ടും അന്വേഷണത്തിന്റെ നാൾവഴികളും അടക്കമുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുക്കണോയെന്ന് സി.ബി.ഐ. തീരുമാനിക്കുന്നത്.
അടിയന്തരപ്രാധാന്യത്തോടെ സർക്കാർ കൈകാര്യംചെയ്ത വിഷയത്തിൽ വീഴ്ചവരുത്തിയെന്ന കുറ്റംചുമത്തിയാണ് ആഭ്യന്തരവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി വി.കെ. പ്രശാന്ത്, സെക്‌ഷൻ ഓഫീസർ വി.കെ. ബിന്ദു, അസിസ്റ്റന്റ് എസ്.എൽ. അഞ്ജു, എന്നിവരെ സസ്പെൻഡ് ചെയ്തത്.സി.ബി.ഐ.യ്ക്ക് കേസ് കൈമാറുന്നത് വൈകിപ്പിക്കാനും അട്ടമറിക്കാനും നീക്കംനടക്കുകയാണെന്നാരോപിച്ച് സിദ്ധാർഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
ഇതോടെയാണ് പെർഫോമ റിപ്പോർട്ടുമായി പോലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ ഡിവൈ.എസ്.പി. എസ്. ശ്രീകാന്തിനെ ഡൽഹിയിലേക്ക് അയച്ചത്.രേഖകൾ കൈമാറാത്തത് മുഖ്യന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്നാണ് വിശദീകരണം. വീഴ്ചയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് നിർദേശിച്ചു.