കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ ആൾക്കൂട്ട മർദനത്തിനിരയായി മരിച്ചനിലയിൽ കണ്ടെത്തിയ ജെ.എസ്. സിദ്ധാർഥൻ ഹോസ്റ്റലിൽ ഉപയോഗിച്ചിരുന്ന സാധനങ്ങൾ കാണാനില്ലെന്ന് പരാതി. കണ്ണടയും പുസ്തകങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള 22 സാധനങ്ങൾ കാണുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. സാധനങ്ങൾ കാണുന്നില്ലെന്നാരോപിച്ച് ബന്ധുക്കൾ വൈത്തിരി പോലീസിലും ഡീനിനുമാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം സിദ്ധാർഥന്റെ അമ്മാവൻ എം. ഷിബു ഉൾപ്പെടെയുള്ള ബന്ധുക്കൾ സാധനങ്ങൾ തിരികെ കൊണ്ടുപോകാനായി എത്തിയിരുന്നു. കോളേജിൽനിന്നു ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്ന് ഇവർ പറഞ്ഞു. ഹോസ്റ്റൽമുറിയിൽ എത്തിയപ്പോൾ അവിടെ സാധനങ്ങൾ ഉണ്ടായിരുന്നില്ലെന്നും സ്റ്റോർറൂമിൽനിന്നും മറ്റുപലയിടങ്ങളിൽനിന്നുമാണ് ചില സാധനങ്ങൾ എടുത്തു നൽകിയതെന്നും ഷിബു പറഞ്ഞു.
സിദ്ധാർഥൻ ഉപയോഗിച്ചിരുന്ന ഗിറ്റാർ, കുറച്ച് പുസ്തകങ്ങൾ, വസ്ത്രങ്ങൾ, ഒരു സ്യൂട്ട്കേസ് തുടങ്ങിയ സാധനങ്ങൾ മാത്രമേ തിരികെ ലഭിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ സിദ്ധാർഥനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥൻ ബി.എസ്.സി. രണ്ടാംവർഷ വിദ്യാർഥിയായിരുന്നു.