കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ 13 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.പ്രതികളുടെ ജാമ്യാപേക്ഷകളിൽ സിബിഐ കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകിയേക്കും.പ്രതികളുടെ ജാമ്യാപേക്ഷകളിൽ കോടതി പ്രത്യേകം വാദം കേൾക്കണമെന്നാണ് സിബിഐയുടെ ആവശ്യം.
കേസിൽ പ്രാഥമിക കുറ്റപത്രം സിബിഐ അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിട്ടുണ്ട്.ഗൂഡാലോചന സംബന്ധിച്ച തുടരന്വേഷണമാണ് നിലവിൽ പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് സിബിഐയുടെ ആവശ്യം. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർത്ഥന്റെ അമ്മയും ഓരോ കേസിലും കക്ഷി ചേർന്നിട്ടുണ്ട്. മനുഷ്യത്വ രഹിതമായ പീഡനത്തിനാണ് സിദ്ധാർത്ഥൻ ഇരയായത് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
നേരത്തെ സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണം പൂർത്തിയാക്കി അതിവേഗത്തിലായിരുന്നു കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കേസിലെ ഗൂഢാലോചനയിൽ അന്വേഷണം തുടരുമെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. എസ്പി എം സുന്ദർവേലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാമ്പസിലെ ക്രൂര റാഗിങ്ങിനെ തുടർന്നാണ് സിദ്ധാർത്ഥ് മരണപ്പെട്ടതെന്നാണ് പരാതി. സിദ്ധാർത്ഥന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. സിദ്ധാർത്ഥന്റെ മരണം ഗുരുതര സംഭവമെന്ന് ഇന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
കോളേജ് ക്യാമ്പസിനകത്ത് നിരവധി കുട്ടികളുടെ മുന്നിലാണ് ക്രൂരമായ സംഭവമുണ്ടായത്. അതാണ് മരണത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മനുഷ്യത്വരഹിതമായ പീഡനത്തിനാണ് സിദ്ധാർത്ഥൻ ഇരയായത്. ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥരും നടപടി നേരിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.