വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിപ്പട്ടികയിൽ കൂടുതൽ പേരെന്ന് സൂചന നൽകി സിബിഐ.സിബിഐ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൽപ്പറ്റ ഡിവൈഎസ്‌പി ടിഎൻ സജീവിൽ നിന്ന് സിബിഐ സംഘം കേസിന്റെ ഇതുവരെയുള്ള വിശദാംശങ്ങൾ കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു.
കണ്ണൂരിൽ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്.തിങ്കളാഴ്ചയും അന്വേഷണ സംഘം വയനാട്ടിലെത്തി അന്വേഷണം തുടരും.അന്വേഷണത്തിനായി നാല് സിബിഐ ഉദ്യോഗസ്ഥരാണ് ഡൽഹിയിൽ നിന്ന് കേരളത്തിലെത്തിയത്.
അതെസമയം സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ തിങ്കളാഴ്ച സിറ്റിംഗ് നടത്തും. കമ്മിഷൻ നിയോഗിച്ച സംഘം കോളജിലെത്തി തെളിവെടുപ്പ് നടത്തും.തിങ്കളാഴ്ച മുതൽ അഞ്ചു ദിവസം മനുഷ്യാവകാശ കമ്മീഷൻ ക്യാമ്പസിൽ തുടരും.സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപക അനധ്യാപക ജീവനക്കാരെ വിസ്‌തരിക്കും.
ഇത് സംബന്ധിച്ച് ഡീനിന് രേഖാമൂലം അറിയിപ്പ് നൽകിയിട്ടുണ്ട്.ശക്തമായ മൊഴിയെടുപ്പ് തന്നെ വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ നടത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.ഇതിനകം നിരവധി പരാതികൾ ആൻറി റാഗിങ്ങ് സെല്ലിന് ലഭിച്ചിട്ടുണ്ട്. ഈ പരാതികളും കമ്മീഷൻ പരിശോധിക്കും.