വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കായി സി.ബി.ഐ അന്വേഷണം സംഘം കസ്റ്റഡി അപേക്ഷ നൽകും.ശനിയാഴ്ച വയനാട്ടിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥർ ഒരാഴ്ച അവിടെ തുടരും. ഇതിനിടെ, സിദ്ധാർഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴി രേഖപ്പെടുത്താൻ സി.ബി.ഐ തീരുമാനിച്ചു. ഇതിനായി ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
കേസ് രേഖകളുടെ പകർപ്പ് കൽപ്പറ്റ ഡി.വൈ.എസ്.പി ടി.എൻ. സജീവൻ ശനിയാഴ്ച സി.ബി.ഐക്ക് കൈമാറിയിരുന്നു. കോടതിയിൽ കേസ് കൈമാറ്റം അറിയിച്ച ശേഷം അസ്സൽ പകർപ്പുകൾ നൽകും. വിഷയത്തിൽ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷൻ തിങ്കളാഴ്ച കോളജിലെത്തി തെളിവെടുക്കുമെന്നാണ് വിവരം. അധ്യാപക, അനധ്യാപക ജീവനക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്താനാണ് സാധ്യത.എസ്.പി. സുന്ദർവേലിന്റെ നേതൃത്വത്തിലുള്ള നാല് ഉദ്യോഗസ്ഥരാണ് വയനാട്ടിലെത്തി അന്വേഷണം തുടങ്ങിയത്. വൈത്തിരി റസ്റ്റ് ഹൗസ് ആണ് സംഘത്തിന്റെ ക്യമ്പ് ഓഫീസ്.