തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ നടപടി കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവവുമായി ബന്ധപ്പെട്ട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എം.ആര്‍.ശശീന്ദ്രനാഥിനു ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിർദ്ദേശം.
കൂടാതെ, മുന്‍ ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ച് 45 ദിവസത്തിനകം വിവരം അറിയിക്കണമെന്നും ഇപ്പോഴത്തെ വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്‌പെന്‍ഷനിലുള്ള ഡീന്‍ എം.കെ.നാരായണന്‍, അസി.വാര്‍ഡന്‍ ഡോ. ആര്‍. കാന്തനാഥന്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ നടപടിക്കു സാധ്യതയുണ്ടെന്നാണു സൂചന. ഗവര്‍ണര്‍ നിയമിച്ച കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിസിക്കു കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.