കൊച്ചി: കള്ളുഷാപ്പിൽ നിന്ന് ഓസിന് കറി നൽകാത്ത വൈരാഗ്യത്തിൽ നെല്ലാട് കള്ളുഷാപ്പ് പൂട്ടിച്ച വിവാദ നായകനായ കുന്നത്തുനാട് എസ്.ഐ ടി.എസ്. സനീഷിനെ അന്വേഷണ വിധേയമായി ഞാറയ്ക്കൽ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. സർക്കാർ തലത്തിലുള്ള അന്വേഷണം പൂർത്തിയായ ശേഷം മറ്റ് നടപടികളിലേയ്ക്ക് കടക്കും. ഒരു മാസം മുമ്പ് നെല്ലാട് ഷാപ്പിൽ ഔദ്യോഗിക വാഹനത്തിലെത്തിയ എസ്.ഐയും സംഘവും കറി വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ചു. എസ്.ഐയോട് ഷാപ്പ് ജീവനക്കാരൻ പണം അവശ്യപ്പെട്ടെങ്കിലും നൽകിയില്ല. പണം നൽകാതെ പോയ കാര്യം ഷാപ്പുടമയെ തൊഴിലാളി അറിയിച്ചു. എസ്.ഐ ആരാണെന്നറിയാൻ അന്വേഷിച്ചതോടെ കറിയുമായി പോയ ഉദ്യോഗസ്ഥൻ തിരിച്ചെത്തി പണം നൽകി. എന്നാൽ, മടങ്ങിയെത്തിയ എസ്.ഐയും സംഘവും ഷാപ്പിലെത്തി പരിശോധന തുടങ്ങി. ഉച്ചയ്ക്ക് ഒരു മണി മുതൽ തുടങ്ങിയ പരിശോധന 3 മണി വരെ നീണ്ടു. വൈകിട്ട് 4.45 ന് വീണ്ടുമെത്തി ഷാപ്പ് അടപ്പിച്ച ശേഷം മടങ്ങി. ഇതു സംബന്ധിച്ച് പെരുമ്പാവൂർ റേഞ്ച് ചെത്ത് കള്ള് തൊഴിലാളി യൂണിയൻ പരാതി നൽകിയിരുന്നു. ഏറ്റവും ഒടുവിൽ കിഴക്കമ്പലത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ കാറുകളുടെ മത്സര ഓട്ടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾക്കായി പൊലീസിനെ സമീപിച്ച യുവാവിന്റെ ബന്ധുക്കളെയും പൊതുപ്രവർത്തകരെയും അപമാനിച്ചതിനെതിരെ മുഖ്യമന്ത്രി, ഡി.ജി.പി, പൊലീസ് കംപ്ളയിന്റ് അതോറിട്ടി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്ക് പരാതി പോയിരുന്നു. തുടർന്നാണ് നടപടി ഉടനുണ്ടായത്. ഇതേ സംഭവത്തിൽ എസ്.ഐക്കെതിരെ ഹൈക്കോടതിയിലടക്കം സ്വകാര്യ അന്യായവും ഫയൽ ചെയ്തിട്ടുണ്ട്.
പരാതി പ്രളയം
സർവീസിൽ കയറിയ ശേഷം നിലവിൽ പത്താമത് സ്റ്റേഷനിലാണ് ജോലി. കുന്നത്തുനാട്ടിൽ എത്തിയ ശേഷം പഴന്തോട്ടം പുന്നോർക്കോട് വീടിന് സമീപം നടന്ന കുടുംബ വഴക്ക് കത്തിക്കുത്തിൽ കലാശിക്കുന്ന ഘട്ടമെത്തിയപ്പോൾ പൊലീസിൽ വിളിച്ച് പരാതി പറഞ്ഞയാളെ സ്ഥലത്തെത്തിയ എസ്.ഐ ജീപ്പിൽ കയറ്റി സ്റ്റേഷനെത്തുന്ന വരെ മർദ്ദിച്ച് അവശനാക്കിയിരുന്നു. ഇതിൽ പൊലീസ് കംപ്ലയിന്റ് അതോറിറ്റിയിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.