ആലപ്പുഴ: ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവും ആലപ്പുഴ ബിജെപി സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രൻ രംഗത്ത്. പത്ത് ലക്ഷം രൂപ നന്ദകുമാറിൽ നിന്ന് കൈപ്പറ്റിയത് തന്റെ പേരിലുള്ള ഭൂമി വിൽക്കുന്നതിനുള്ള അഡ്വാൻസ് ആയിട്ടായിരുന്നുവെന്നും ശേഷം ഭൂമി രജിസ്ട്രേഷന് പല തവണ അദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. 'ആലപ്പുഴയിൽ ബിജെപി വിജയിക്കുമെന്ന് ഉറപ്പായപ്പോൾ വില കുറഞ്ഞ ആരോപണവുമായി ഇറങ്ങിയിരിക്കുകയാണ്. ദല്ലാൾ നന്ദകുമാറിനെ തനിക്കെതിരെ ഒരുക്കി നിർത്തിയത് സിപിഐഎമ്മാണ്. മുമ്പ് കഴക്കൂട്ടത്ത് മത്സരിച്ചപ്പോഴും ഇത് പോലെ ഓഡിയോ ആരോപങ്ങളുണ്ടായിരുന്നു'; ശോഭ മാധ്യമങ്ങളോട് പറഞ്ഞു.
നന്ദകുമാറിനെ ആദ്യമായി കണ്ട സംഭവവും ശോഭ സുരേന്ദ്രൻ വിവരിച്ചു. രണ്ട് വർഷം മുമ്പ് തൃശൂരിൽ വെച്ചാണ് നന്ദകുമാറിനെ ആദ്യമായി കാണുന്നതെന്നും അന്ന് അവിടെ രഹസ്യ യോഗത്തിനെത്തിയിരുന്ന പ്രമുഖ സിപിഐഎം നേതാവിനെ ചൂണ്ടി കാണിച്ച് അവരെ പാർട്ടിയിലെത്തിക്കാമെന്ന് പറഞ്ഞതായും ശോഭ ആരോപിച്ചു. സോളാർ കേസ് ഒത്തുതീർപ്പാക്കാൻ ദല്ലാൾ നന്ദകുമാർ കെ സി വേണുഗോപാലിൽ നിന്ന് കോടികൾ കൈപറ്റിയതായും ശോഭ ആരോപിച്ചു. അന്ന് തൃശൂരിൽ വെച്ച് തന്നെ കണ്ട സിപിഐഎം നേതാവ് ആരാണെന്ന് വെളിപ്പെടുത്താൻ നന്ദകുമാർ തയ്യാറാവണമെന്നും ശോഭ വെല്ലുവിളിച്ചു. 'ഇഡി ചോദ്യം ചെയ്ത ശശിധരൻ കർത്തയ്ക്ക് വേണ്ടി മലപ്പുറത്തുള്ള എന്റെ ഒരു ബന്ധുവിനെ ജോൺ ബ്രിട്ടാസ് വിളിച്ചിരുന്നു. അത് എന്തിനാണ് വിളിച്ചിരുന്നതെന്ന് വെളിപ്പെടുത്താൻ ബ്രിട്ടാസ് തയ്യാറാകണമെന്നും" ശോഭ പറഞ്ഞു.
ഇന്ന് രാവിലെയാണ് തന്റെ കയ്യിൽ നിന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് ശോഭ സുരേന്ദ്രൻ പത്ത് ലക്ഷം വാങ്ങിയെന്ന ആരോപണവുമായി ദല്ലാൾ നന്ദകുമാർ രംഗത്തെത്തിയിരുന്നത്. ഭൂമി നൽകാമെന്ന് പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നായിരുന്നു ദല്ലാളിന്റെ ആരോപണം. തൻെറ കയ്യിൽ നിന്ന് വാങ്ങിയ പണമുപയോഗിച്ച് കേന്ദ്രത്തിൽ സ്ഥാനം വാങ്ങാനായിരുന്നു ശോഭയുടെ ലക്ഷ്യമെന്നും എന്നാൽ അത് ചീറ്റിപ്പോയെന്നും നന്ദകുമാർ ആരോപിച്ചു. ശോഭ സുരേന്ദ്രന് പുറമേ പത്തനംതിട്ട ബിജെപി സ്ഥാനാർഥിയും മുതിർന്ന കോൺഗ്രസ് നേതാവായ എ കെ ആന്റണിയുടെ മകനുമായ അനിൽ ആന്റണിക്കെതിരെയും നന്ദകുമാർ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു.