പാലക്കാട്: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ ഫ്‌ളക്‌സ് കത്തിച്ചു. പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പുതന്നെ നഗരസഭയ്ക്ക് മുന്നില്‍ വെച്ച ഫ്‌ളക്‌സാണ് ഞായറാഴ്ച രാത്രി കത്തിച്ചത്. ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്തുകൊണ്ടുള്ളതായിരുന്നു ഫ്‌ളക്‌സ്. സംഭവത്തിന് പിന്നാലെ ഫ്‌ളക്‌സ് നീക്കം ചെയ്തിട്ടുണ്ട്.
നേരത്തേ ബി.ജെ.പിക്കുള്ളില്‍ സംഘടനാ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ശോഭ സുരേന്ദ്രൻ വിഭാഗവും കൃഷ്ണകുമാര്‍ വിഭാഗവും തമ്മിലുള്ള പ്രശ്‌നങ്ങളാണോ സംഭവത്തിലേക്ക് നയിച്ചതെന്ന സംശയങ്ങള്‍ ഉയരുന്നുണ്ട്. ആരാണ് കത്തിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
അതേസമയം, ശോഭ സുരേന്ദ്രൻ ബിജെപിയുടെ ഏറ്റവും മികച്ച വനിതാ നേതാവാണെന്നും കേരളത്തിലെ ‘തീപ്പൊരി’യാണ് അവരെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പാർട്ടിയിൽ വിഭാഗീയതയില്ല. മറ്റ് രണ്ടു മുന്നണികളുടെയും പ്രചാരണം മാത്രമാണത്. ശോഭ സുരേന്ദ്രൻ തന്റെ പ്രചാരണത്തിന് വരുമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.