പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറി മുൻ യൂത്ത് കോൺഗ്രസ് നേതാവ് എകെ ഷാനിബ്. എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എകെ ഷാനിബ് മത്സരത്തിൽ നിന്ന് പിൻമാറിയത്. കോൺഗ്രസ് വിട്ടു വന്ന ഷാനിബ് ഇന്ന് നാമനിർദ്ദേശ പത്രിക നൽകാമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ ഇനി സരിന് വേണ്ടി വോട്ട് തേടുമെന്ന് ഷാനിബ് വ്യക്തമാക്കി.
വോട്ടുകൾ ഭിന്നിക്കരുതെന്ന നിലപാടുണ്ട്. സരിൻ തിരഞ്ഞെടുപ്പിനിറങ്ങിയതിന് ശേഷം വലിയ ആവേശമുണ്ടായിട്ടുണ്ട്. മതേതര ജനാധിപത്യ വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള നിലപാടെടുക്കണമെന്നാണ് നേതാക്കൾ പറഞ്ഞത്. കൃഷ്ണകുമാർ സ്ഥാനാർത്ഥിയായതിൽ ബിജെപിക്കകത്ത് വലിയ ഭിന്നതയുണ്ടായിട്ടുണ്ട്. കോൺഗ്രസിൽ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ഈ വോട്ടുകൾ സരിന് ലഭിക്കും. സരിൻ വിജയിക്കും’- ഷാനിബ് പറഞ്ഞു. വോട്ടർമാരെ നേരിട്ട് കാണുമെന്നും വീടുകളിൽ പോയി വോട്ട് ചോദിക്കുമെന്നും ഷാനിബ് കൂട്ടിച്ചേർത്തു.
നേരത്തെ ഒരു കാരണവശാലും സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറില്ലെന്ന് ഷാനിബ് പറഞ്ഞിരുന്നു. എന്നാൽ നാമനിർദേശം നൽകരുതെന്നും നേരിട്ട് വന്ന് കാണാൻ താൽപര്യമുണ്ടെന്നും സരിൻ പറഞ്ഞിരുന്നു. പിന്നാലെയാണ് ഷാനിബും സരിനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിലിനെതിരെയും വാർത്ത സമ്മേളനം നടത്തി ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് ഷാനിബ് കോൺഗ്രസ് വിട്ടത്.