പാലക്കാട്: പാലക്കാട്ടെ പ്രവർത്തകരും നേതാക്കളും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാർത്ഥിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് ഷാഫി പറമ്പിൽ എംപി. ജനപിന്തുണയുണ്ടെങ്കിൽ ജയിക്കും. ആരോടും അഡ്ജസ് ചെയ്യുന്നില്ല. വഴങ്ങുന്നില്ല. ഒരുമിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി ഇറങ്ങുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
മുഴുവൻ നേതാക്കളെയും കൺസൾട്ട് ചെയ്‌തെടുത്ത തീരുമാനമാണ് രാഹുലിൻറെ സ്ഥാനാർത്ഥിത്വം. ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഡീൽ എന്ന ആരോപണം ശരിയാണ്. വടകരയിൽ ബിജെപിയെയും സിപിഐഎമ്മിനെയും പരാജയപ്പെടുത്തുക എന്നതായിരുന്നു ഡീൽ. സമാന സാഹചര്യമാണ് പാലക്കാട് എന്നും ഷാഫി പറമ്പിൽ കൂട്ടിചേർത്തു.
വിഡി സതീശനും ഷാഫി പറമ്പിലും രാഹുൽ മാങ്കുട്ടത്തിലും ഉൾപ്പെട്ട മൂവർ സംഘമാണ് കോൺഗ്രസ് തലപ്പത്തെന്ന ആരോപണത്തിലും ഷാഫി മറുപടി നൽകി. ഷാഫിയുടെ ഭീഷണിക്ക് വഴങ്ങുന്ന പാർട്ടിയല്ല കോൺഗ്രസ്. രാഹുൽ ശക്തനായ ജനപിന്തുണയുള്ള യുവ നേതാവാണ്. അതിനാലാണ് പാലക്കാട് സ്ഥാനാർത്ഥിയാക്കിയതെന്നും ഷാഫി പറഞ്ഞു.
വടകരയിലെ ജനങ്ങൾക്ക് ഷാഫി പറമ്പിലെ വിളിച്ചാൽ പോലും കിട്ടാറില്ലെന്ന് ആരോപണത്തോടും ഷാഫി പ്രതികരിച്ചു. തനിക്കും വടകരക്കാർക്കും ഇടയിൽ ഇടനിലക്കാരൻ വേണ്ട. അവർക്ക് വേണ്ടത് ചെയ്യാനാണ് തന്നെ തിരഞ്ഞെടുത്തത്. അതിന് വേണ്ടി പരമാവധി ചെയ്യും. ആരുടെയും ഇടനിലയും സർട്ടിഫിക്കറ്റും വേണ്ടെന്നും ഷാഫി പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തിൽ അഞ്ചക്ക ഭൂരിപക്ഷത്തിൽ രാഹുൽ വിജയിക്കും. പറഞ്ഞത് എടുത്ത് വെച്ചോ എന്നും ഷാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചു.