ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നയരൂപീകരണ സമിതിയിൽ മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ. ലൈംഗികാരോപണം നേരിടുന്ന സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെ കൂടി സമിതിയിൽ ഉൾപ്പെടുത്താമായിരുന്നുവെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു. ആരോപണ വിധേയരായവരെയാണ് സർക്കാർ നയ രൂപീകരണ സമിതിയിൽ ഉൾപ്പെടുത്തിയത്. ഇതിൽ നിന്ന് സർക്കാരിന്റെ നയം വ്യക്തമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സർക്കാർ വേട്ടക്കാരോടൊപ്പം തന്നെയെന്ന് വ്യക്തമായി. ഇതിലും ഭേദം ഹേമ കമ്മിറ്റി റിപ്പോർട്ട് കത്തിച്ചാൽ മതിയായിരുന്നു. പലതും വാക്കുകളിൽ മാത്രമാക്കി ഒഴിയുകയാണ് സർക്കാർ. സ്ത്രീ സുരക്ഷയ്ക്ക് ചെലവഴിച്ച പണം സിപിഐഎം സർക്കാരിലേക്ക് തിരിച്ചടക്കണം
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താര പ്രമുഖർക്കെതിരെ ഗുരുതര ലൈംഗികാരോപണങ്ങളാണ് ഉയരുന്നത്. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്, സിപിഐഎം നേതാവും എംഎൽഎയുമായ മുകേഷ്, എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖ് തുടങ്ങിയവർക്കെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നിരുന്നു.