എല്ലാ വിദ്യാർഥികളുടെയും കൂട്ടായപ്രവർത്തനത്തോടെ കോളേജ് യൂണിയനെ നയിക്കുമെന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ആദ്യ വനിതാ ചെയർപേഴ്‌സണായ എൻ.എസ്. ഫരിഷ്ത. 14 അംഗ യൂണിയനിൽ ഒൻപതുപേരും പെൺകുട്ടികളാണ്. ഒന്നാംവർഷ പ്രതിനിധിയായി കഴിഞ്ഞ യൂണിയനിലും ഫരിഷ്ത അംഗമായിരുന്നു. കഴിഞ്ഞ യൂണിയന്റെ അതേരീതിയിൽ സെമിനാറുകളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കും. ഷീ ഫെസ്റ്റ് പോലെയുള്ള പരിപാടികളടക്കം യൂണിയന്റെ ആലോചനയിലുണ്ടെന്നും ഫരിഷ്ത പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജിന്റെ ആദ്യത്തെ വനിതാ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത് താനാണ്. നേരത്തെ ലിഡിയ മറിയം എന്ന സഖാവിനെ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് എസ്.എഫ്.ഐ. സ്ഥാനാർഥിയാക്കിയായിരുന്നു. എന്നാൽ, കെ.എസ്.യു അക്രമം അഴിച്ചുവിട്ടതിനാൽ അന്ന് തിരഞ്ഞെടുപ്പ് നടന്നില്ല.
എല്ലാ വിദ്യാർഥികളുടെയും കൂട്ടായപ്രവർത്തനത്തോടെ മുന്നോട്ടുപോകും.മൾട്ടിപ്പിൾഡാഡി ഡിസോർഡറുള്ള എസ്.എഫ്.ഐ.ക്കാരാണ് യൂണിവേഴ്‌സിറ്റി കോളേജിലുള്ളതെന്ന് പോലും കെ.എസ്.യു.ക്കാർ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പറഞ്ഞിരുന്നു. കെ.എസ്.യുവും ഫ്രട്ടേണിറ്റിയും സഖ്യമായാണ് മത്സരിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിനെ കരിവാരിതേക്കാനുള്ള ശ്രമങ്ങളാണ് അവർ നടത്തിയത്. ഈ തിരഞ്ഞെടുപ്പിലും അതുണ്ടായി. അതിനെയെല്ലാം വിദ്യാർഥികൾ ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞു. അവരിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ടുപോകുമെന്നും ഫരിഷ്ത പറഞ്ഞു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തിരുവനന്തപുരം എ.കെ.ജി. സെന്ററിലെത്തിയപ്പോഴാണ് ഫരിഷ്ത മാധ്യമങ്ങളോട് സംസാരിച്ചത്.
യൂണിവേഴ്‌സിറ്റി കോളേജിന്റെ 158 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ ചെയർപേഴ്‌സൺ വിദ്യാർഥി യൂണിയനെ നയിക്കാനെത്തുന്നത്. എസ്.എഫ്.ഐ. സ്ഥാനാർഥിയായി ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിച്ച ഫരിഷ്ത 1427 വോട്ട് നേടിയാണ് വിജയിച്ചത്. രണ്ടാംവർഷ ഫിലോസഫി വിദ്യാർഥിയായ ഫരിഷ്ത കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയാണ്.