തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്ന പരാതിയുമായി പിതാവ് ജയപ്രകാശ് രംഗത്ത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരള പൊലീസ് അന്വേഷണം നിര്‍ത്തി. കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം സിബിഐ ആസ്ഥാനത്തു ഇതുവരെ എത്തിയിട്ടുമില്ല. ഫലത്തില്‍ അന്വേഷണം വഴിമുട്ടി എന്നാണ് അച്ഛന്‍ ജയപ്രകാശ് ചൂണ്ടിക്കാട്ടുന്നത്.
മാര്‍ച്ച് എട്ടാം തീയതിയാണ് സിദ്ധാര്‍ത്ഥിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കാണുന്നത്. മണിക്കൂറുകള്‍ക്കകം സിബിഐ അന്വേഷണം വിജ്ഞാപനം ചെയ്ത് സര്‍ക്കാര്‍ ഉത്തരവായി. എന്നാല്‍ 17 ദിവസം പിന്നിട്ടിട്ടും വിജ്ഞാപനം സിബിഐക്കു ലഭിച്ചിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം. നടപടി മനപ്പൂര്‍വം വൈകിക്കാന്‍ ശ്രമിക്കുന്നതായി സിദ്ധാര്‍ത്ഥിന്റെ കുടുംബം സംശയിക്കുന്നു.
കേസ് സിബിഐക്കു റെഫര്‍ ചെയ്യുന്നതിന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിനാണ് കത്തെഴുതേണ്ടത്. അവര്‍ സിബിഐ ആസ്ഥാനത്തേക്ക് റെഫര്‍ ചെയ്യും. കേസ് ഏറ്റെടുത്താല്‍ അവിടെ നിന്ന് സിബിഐ ഡയറക്ടര്‍ ചെന്നൈ റീജിയണല്‍ ഓഫീസ് മുഖാന്തിരം തിരുവന്തപുരത്തേക്കു ഉത്തരവ് നല്‍കും. ഇതാണ് രീതി.
ഇവിടെ പക്ഷേ സിബിഐ യുടെ കൊച്ചി ഓഫീസിലേക്കാണ് കത്തയച്ചത് എന്നാണ് അറിയുന്നത്. കൊച്ചി ഓഫീസ് ആകട്ടെ, സാമ്പത്തിക കേസുകളാണ് കൈകാര്യം ചെയ്യുന്നത്. കൊലപാതകം പോലുള്ള ക്രിമിനല്‍ കേസുകള്‍ സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് ആണ് കൈകാര്യം ചെയ്യുന്നതെന്നിരിക്കെ വിജ്ഞാപനം കൊച്ചിയിലേക്ക് അയച്ചത് ദുരൂഹമാണ്.
മാത്രമല്ല, വിജ്ഞാപനത്തോടൊപ്പം നല്‍കേണ്ട പ്രൊഫൊര്‍മ റിപ്പോര്‍ട്ട് ഇല്ലാതെയാണ് സര്‍ക്കാര്‍ സിബിഐക്കു കത്തയച്ചത്. കേസ് സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടാണിത്. കേസ് സംബന്ധിച്ച വിവരങ്ങള്‍, ഇത് വരെ പോലീസ് എന്തെല്ലാം ചെയ്തു, എന്താണ് നിഗമനങ്ങള്‍, ഇനി എന്ത് ചെയ്യാം തുടങ്ങി എല്ലാ വിവരങ്ങളും പ്രൊഫൊര്‍മ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണം. കേസ് സിബിഐക്ക് വിട്ടു കൊണ്ട് എട്ടാം തീയതി സംസ്ഥാന സര്‍ക്കാര്‍ അതി ശീഘ്രം പുറപ്പെടുവിച്ച വിജ്ഞാപനം അയച്ചത് 16-16-അം തീയതിയാണ്. അത് തന്നെ, പ്രൊഫോര്‍മ റിപ്പോര്‍ട്ട് ഇല്ലാതെ.
മലയാളത്തില്‍ തയ്യറാക്കിയ പ്രൊഫൊര്‍മ റിപ്പോര്‍ട്ട് ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യാന്‍ പൊലിസ് ആസ്ഥാനത്തേക്ക് അയച്ചിരിക്കുകയാണെന്നാണ് അറിയുന്നത്. അവിടെ നിന്ന് വയനാട് എസ്പിക്കു അയച്ചു. എസ്പി അത് കല്പറ്റയിലുള്ള ഡിവൈഎസ്പിക്കു കൈമാറി. നാളിതു വരെ വിവര്‍ത്തനം ചെയ്ത റിപ്പോര്‍ട്ട് സഹിതം വിജ്ഞാപനം സിബിഐ ആസ്ഥാനത്ത് എത്തിയിട്ടില്ല എന്നാണ് അറിയുന്നത്.
എന്നാല്‍, കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഇനി കാണാന്‍ ആഗ്രഹിക്കുന്നില്ല. അന്വേഷണം ഇനിയും വൈകിച്ചാല്‍ ക്ലിഫ് ഹൗസിനു മുന്നില്‍ സമരമിരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ കണ്ടു വിവരം ധരിപ്പിച്ചു. തീരുമാനമെടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ കേസ് സിബിഐക്കു വിടാന്‍ കഴിയുമെന്നിരിക്കെ ഇതുവരെ നടപടി എടുക്കാത്തത് ദുരൂഹം എന്നാണ് അദ്ദേഹം പറഞ്ഞത്.
തങ്ങളെ സഹായിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണാന്‍ പോയതെന്നും ജയപ്രകാശ് വ്യക്തമാക്കി. നീതി തേടി പോകേണ്ടത് ഭരണപക്ഷക്കാരുടെ അടുത്താണെങ്കിലും, അവരുടെ അടുത്തു പോയാല്‍ എന്തു സംഭവിക്കുമെന്ന് അറിയാമല്ലോയെന്ന് ജയപ്രകാശ് ചോദിച്ചു.
കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. സിബിഐ വന്നിട്ടുമില്ല. തന്റെ ആശങ്കകള്‍ എവിടെയെങ്കിലും പറയേണ്ടേ എന്നാണ് ആ അച്ഛന്‍ വേദനയോടെ ചോദിക്കുന്നത്. സഹായിക്കുമെന്ന് ഉറപ്പുള്ളവരുടെ അടുത്ത് മാത്രമേ ഇനി പോകൂ. കേസിന്റെ ഭാഗമായി പലരേയും കണ്ടിട്ടുണ്ടെന്ന് ജയപ്രകാശ് പറഞ്ഞു. വിശ്വാസമുള്ളവരുടെ അടുത്താണ് ഇപ്പോള്‍ പോകുന്നത്. ഭരണപക്ഷത്തുള്ളവരുടെ അടുത്താണ് യഥാര്‍ഥത്തില്‍ സഹായം തേടി പോകേണ്ടത്. നീതി തേടേണ്ടതും അവരോടാണ്. പക്ഷേ, പോയിക്കഴിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് അവിടേക്കു പോകാത്തത് എന്ന് ജയപ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രിയെ വീണ്ടും കാണുന്ന കാര്യം ആലോചനയിലില്ല. അദ്ദേഹം നല്‍കിയ ഉറപ്പുകള്‍ വിശ്വസിച്ചാണ് നിവേദനം കൊടുത്ത ശേഷം അവിടെനിന്ന് ഇറങ്ങിപ്പോന്നത്. അതിനുശേഷം ഇതുവരെയും ഒന്നും ഉണ്ടായിട്ടില്ല. ഇനി ഒരിക്കലും അവിടേക്ക് പോകില്ലെന്ന് പറയുന്നില്ല. പക്ഷേ, അവിടേക്കു പോകുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല.