ബാലന്‍ സഖാവേ, എസ്എഫ്‌ഐ ചാപ്പ കുത്തിയ നിഷാദിനെ ഓര്‍മയുണ്ടോ?

ജനാധിപത്യപരമായല്ല പല ക്യാമ്പസുകളിലും എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം. ബാലന്‍ സഖാവ് നിഷേധിച്ചാലും ഇല്ലെങ്കിലും അതാണ് അവസ്ഥ. ഇപ്പോള്‍ മാത്രമല്ല, വളരെ മുമ്പേ തന്നെ അങ്ങനെയാണ്. സോഷ്യലിസവും ജനാധിപത്യവുമൊക്കെ എഴുത്തിലേയുള്ളൂ, പ്രവൃത്തിയില്‍ പലപ്പോഴും ഉണ്ടാവാറില്ല

author-image
Rajesh T L
New Update
sfi kerala
Listen to this article
0.75x 1x 1.5x
00:00 / 00:00

 

കുട്ടി സഖാക്കള്‍ സ്വയം പട്ടിയും പേപ്പട്ടിയുമാകരുത്! പേ പിടിച്ചാല്‍ ചികിത്സയില്ല സഖാവേ


വഴിയില്‍ കെട്ടിയ ചെണ്ടയല്ല എസ്എഫ്‌ഐയും സിപിഎമ്മും. എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ല. മുന്നണിയിലുള്ള ആളായാലും പുറത്തുള്ള ആളായാലും. ഒരു വിദ്യാര്‍ത്ഥി സംഘടനയെ പട്ടിയാക്കി, പേപ്പട്ടിയാക്കി തല്ലിക്കൊല്ലാന്‍ അനുവദിക്കില്ല. അതാണ് ഉദ്ദേശമെങ്കില്‍ സമ്മതിക്കില്ല. മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എ കെ ബാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞതാണിത്. 

ഞങ്ങളാണ് എസ്എഫ്‌ഐയെ വളര്‍ത്തിയത്. തിരുത്തേണ്ടത് തിരുത്താന്‍ എസ്എഫ്‌ഐക്ക് കഴിയും. ബാലന്‍ സഖാവ് തുടരുന്നു. ചോരച്ചാലുകള്‍ നീന്തിക്കയറിയ, തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടിയ എസ്എഫ്‌ഐയെ കുറിച്ച് മുന്‍ എസ് എഫ് ഐ നേതാവു കൂടിയായ എ കെ ബാലന്റെ പഞ്ച് ഡയലോഗ് കേള്‍ക്കുമ്പോള്‍ രോമാഞ്ചം തോന്നുക സ്വാഭാവികം. പക്ഷേ, എല്ലാവര്‍ക്കും രോമാഞ്ചം വരില്ല, അതാണ് കുഴപ്പം. 

സഖാവേ, ഉറങ്ങുന്നവരെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവരെയോ? സിപിഎമ്മിന്റെ അവസ്ഥ ഇപ്പോള്‍ അങ്ങനെയാണ്. എസ്എഫ്‌ഐയെയും സിപിഎമ്മിനെയും ക്രിയാത്മകമായി വിമര്‍ശിക്കുന്നവരെ പോലും വര്‍ഗ്ഗ ശത്രുവായി കാണുക. അസഹിഷ്ണുതയെ കുറിച്ച് വാതോരാതെ സംസാരിക്കും. തങ്ങളുടെ നേര്‍ക്കുള്ള വിമര്‍ശനങ്ങളെ സഹിക്കില്ല. എന്തൊരു വൈരുദ്ധ്യമാണിത്. 

സഖാവേ, പട്ടി കടിച്ചാല്‍ ആന്റി റാബീസ് വാക്‌സിന്‍ എടുക്കണം. പേയുള്ള പട്ടിയാണെങ്കിലും അല്ലെങ്കിലും. അതാണ് രീതി. അല്ലെങ്കില്‍ പേ പിടിച്ചുചത്തുപോലും. റാബീസിനു ചികിത്സയില്ല സഖാവേ. പിടിപെട്ടാല്‍ നാശം ഉറപ്പ്. എസ്എഫ്‌ഐയുടെ അവസ്ഥ ഏതാണ്ട് അതാണെന്നു സഖാവിനും അറിയാം. ആന്റി റാബീസ് വാക്‌സീന്‍ കൊടുക്കേണ്ട കാലമായിരിക്കുന്നു. രോഗം മൂര്‍ച്ഛിച്ചാല്‍ പിന്നെ തിരിച്ചുവരില്ല. 

ജനാധിപത്യപരമായല്ല പല ക്യാമ്പസുകളിലും എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം. ബാലന്‍ സഖാവ് നിഷേധിച്ചാലും ഇല്ലെങ്കിലും അതാണ് അവസ്ഥ. ഇപ്പോള്‍ മാത്രമല്ല, വളരെ മുമ്പേ തന്നെ അങ്ങനെയാണ്. സോഷ്യലിസവും ജനാധിപത്യവുമൊക്കെ എഴുത്തിലേയുള്ളൂ, പ്രവൃത്തിയില്‍ പലപ്പോഴും ഉണ്ടാവാറില്ല.

പഴയൊരു സംഭവം സഖാവിനെ ഓര്‍മ്മിപ്പിക്കാം. മറന്നിട്ടുണ്ടാവില്ല. അത്രയും കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. രണ്ടായിരത്തിലാണ് സംഭവം നടന്നത്. എ ആര്‍ നിഷാദിനെ പുതിയ തലമുറക്ക് അത്ര ഓര്‍മയുണ്ടാവില്ല. പഴയ തലമുറക്ക് ഓര്‍ക്കാന്‍ ഒരു ക്ലൂ കൂടി തരാം. ചാപ്പകുത്ത് കേസ്. ഇപ്പോള്‍ ഓര്‍മ വരുന്നില്ലേ. എ ആര്‍ നിഷാദ് എന്ന വിദ്യാര്‍ത്ഥിയുടെ കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ കെഎസ് യു പ്രവര്‍ത്തകന്റെ മുതുകിലാണ് എസ് എഫ് ഐ എന്നു ചാപ്പകുത്തി സ്വാതന്ത്ര്യവും സോഷ്യലിസവും ജനാധിപത്യവും പുഷ്ടിപ്പെടുത്തിയത്. ഏതാണ്ട് രണ്ടു പതിറ്റാണ്ടു മുമ്പു നടന്ന സംഭവം. ഇപ്പോഴും എസ് എഫ് ഐയുടെ തലയില്‍ മായാത്ത ചാപ്പയായി പതിഞ്ഞു കിടപ്പുണ്ട്. 

സംഭവം ഇങ്ങനെ: ലൊക്കേഷന്‍ യൂണിവേഴ്‌സിറ്റി കോളേജ്. സംഭവം നടന്നത് 2000 നവംബര്‍ 10 ന്. നിലമേല്‍ എന്‍എസ്എസ് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു നിഷാദ്. നിലമേല്‍ കോളജ് യൂണിയന്റെ പരിപാടിക്ക് ആളെ ക്ഷണിക്കുന്നതിന് നിഷാദ് യൂണിവേഴ്സ്റ്റി കോളജിലെത്തി. ജനാധിപത്യ വാദികളും സോഷ്യലിസ്റ്റുകളും മാനവികതാ വാദികളും സഹജീവി സ്‌നേഹികളുമായ എസ് എഫ് ഐക്കാര്‍ നിഷാദിനെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് ഡസ്‌കില്‍ കിടത്തി മുതുകില്‍ കത്തികൊണ്ട് എസ്എഫ്‌ഐ എന്ന് എഴുതി. അഥവാ ചാപ്പകുത്തി. 

2000 നവംബര്‍ 8, 9, 10 തീയതികളില്‍ കോളജിലെ എസ്എഫ്‌ഐ നേതാക്കള്‍ക്കൊപ്പമാണ് നിഷാദ് യൂണിവേഴ്‌സിറ്റി കോളജിലെത്തിയത്. കോളജ് യൂണിയന്‍ ചെയര്‍മാന്‍, മാഗസിന്‍ എഡിറ്റര്‍, കൗണ്‍സിലര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. 9-ാം തീയതി നിഷാദും എസ്എഫ്‌ഐ നേതാക്കളും കോളജിലെത്തിയപ്പോള്‍ ചില എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നിഷാദിനെ തിരിച്ചറിഞ്ഞിരുന്നു. 10-ാം തീയതി വൈകുന്നേരം 5 മണിയോടടുപ്പിച്ചാണ് കോളജിലെത്തിയത്.

കോളജിലെത്തിയ നിഷാദിനെ യൂണിയന്‍ മുറിയിലേക്കു കൊണ്ടുപോയി. ആദ്യം സൗഹൃദ സംഭാഷണമായിരുന്നു. പിന്നീടു ഭീഷണിയും മര്‍ദനവും. ക്രൂര മര്‍ദനത്തില്‍ തളര്‍ന്ന നിഷാദിനെ മുറിയിലെ ഡസ്‌കില്‍ കിടത്തി. കത്തികൊണ്ട് എസ്എഫ്‌ഐ എന്ന് മുതുകില്‍ വരച്ചു. രാത്രി വൈകി തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വാഹനത്തില്‍ എത്തിച്ചു. 

ബസില്‍ നിലമേല്‍ എത്തിയ നിഷാദ് രാവിലെ സുഹൃത്തുക്കളോടു വിവരം പങ്കുവച്ചു. അവര്‍ നിഷാദിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളജിലേക്കു മാറ്റിയപ്പോഴാണ് മാധ്യമങ്ങള്‍ സംഭവം അറിഞ്ഞത്.

യൂണിവേഴ്സിറ്റി കോളജിലെ അഞ്ചു പേരും നിലമേല്‍ കോളജില്‍നിന്നു നിഷാദിനൊപ്പം വന്ന മൂന്നു പേരും ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂണിവേഴ്സിറ്റി കോളജിലെ പ്രതികളായ അഞ്ചു പേരെയും എസ്എഫ്‌ഐ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കി. കേസില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി 4 പേര്‍ക്ക് 2 വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷിച്ചു. എന്നാല്‍, മേല്‍ക്കോടതി വെറുതേവിട്ടു.

എസ്എഫ്‌ഐക്ക് ഏറെ നാണക്കേടുണ്ടാക്കിയ പ്രതിരോധത്തിലാക്കിയ ഈ സംഭവത്തിന് ട്വിസ്റ്റ് ഉണ്ട്. നിഷാദിന്റെ പുറത്തു ചാപ്പ കുത്തിയത് എസ്എഫ്‌ഐക്കാര്‍ തന്നെയാണെന്ന് കേസിലെ പ്രതി എം.സി.ശിവപ്രസാദ് പിന്നീടു വെളിപ്പെടുത്തി. പ്രതികളില്‍ അഞ്ചു പേര്‍ നിരപരാധികളാണെന്നും യൂണിവേഴ്സിറ്റി കോളജിലെത്തന്നെ മറ്റു മൂന്നു പ്രവര്‍ത്തകരാണ് നിഷാദിന്റെ ശരീരത്തില്‍ എസ്എഫ്‌ഐ എന്നു കോറിയിട്ടതെന്നുമാണു ശിവകുമാര്‍ തുറന്നുപറഞ്#ത്. 

യഥാര്‍ഥ പ്രതികളെ പിടികൂടിയാല്‍ സത്യാവസ്ഥ പുറത്തുവരുമെന്നതിനാല്‍ ഞങ്ങളോടു പ്രതികളാകാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു. ജോലി നല്‍കാമെന്നു വാഗ്ദാനവും ചെയ്തു. ചാപ്പ കുത്തല്‍ സംഭവത്തിനു ശേഷം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിയിലെ മുന്‍ ഭാരവാഹികളാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. ഇങ്ങനെയായിരുന്നു ശിവപ്രസാദിന്റെ വെളിപ്പെടുത്തല്‍.

ബാലന്‍ സഖാവിനെ ഇതൊന്നും ഓര്‍മ്മപ്പെടുത്തേണ്ടതില്ല. സഖാവേ, സമൂഹം കുറച്ചുകൂടി ആധുനികമായി. മാധ്യമങ്ങള്‍ വളര്‍ന്നു. സമൂഹ മാധ്യമങ്ങളില്‍ സ്വാധീന ശക്തിയായി വളര്‍ന്നു. പഴയതു പോലെ പേപ്പട്ടിയെ പാവം പട്ടിയാക്കുന്ന പരിപാടി ഇനി പ്രയാസമായിരിക്കും. ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. എസ് എഫ് ഐയെയും സിപിഎമ്മിനെയും ഒരുപാടു പേര്‍ സ്വപ്‌നം വിതച്ചാണ് വളര്‍ത്തിയത്. അതിന്റെ നാശം കാണാന്‍ ആഗ്രഹിക്കാത്തവര്‍ ഇപ്പോഴും ഉണ്ട്. 

 

kerala cpm sfi