കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ പ്രിൻസിപ്പൽ ഹൈക്കോടതിയെ സമീപിക്കും. പോലീസ് സാന്നിധ്യത്തിൽ നടത്തിയ ഭീഷണിയിൽ പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കർ അറിയിച്ചു.
എസ് എഫ് ഐ പ്രവർത്തകർ കോളേജിലേക്ക് നടത്തിയ മാർച്ചിലായിരുന്നു പ്രിൻസിപ്പലിനെതിരെ എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് ഭീഷണി മുഴക്കിയത്. അതേസമയം എസ്എഫ്ഐ നേതാവിനെ മർദിച്ചെന്ന കേസിൽ പ്രിൻസിപ്പലിനോട് ഹാജരാകാൻ ആവശ്യപ്പെട്ടു പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
മൂന്നു വർഷം വരെ തടവ് കിട്ടാനുള്ള കുറ്റമാണ് ഡോ. സുനിൽ ഭാസ്കരന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നും വ്യക്തമാക്കിയാണ് പോലീസ് നോട്ടീസയച്ചത്. തുടരന്വേഷണത്തിൽ സാന്നിധ്യം ആവശ്യമുണ്ടെന്നു തോന്നിയാലോ, തെളിവുനശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കുന്നുവെന്ന് ബോധ്യപ്പെട്ടാലോ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാം.