കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ്ഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈല്‍ ഫോണ്‍ തന്റെ പക്കലില്ലെന്നും മറ്റു രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് അറിയിച്ചു.
അതേസമയം,സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സംസ്ഥാനസര്‍ക്കാര്‍ വാദം. അന്വേഷണവുമായി മുന്നോട്ട് പോവാന്‍ സിദ്ദിഖിനെ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിൽ 2016 ജനുവരി 28-ന് സിദ്ദിഖ് ബലാത്സംഗംചെയ്തു എന്നാണ് പരാതിക്കാരിയുടെ ആരോപണം. സിദ്ദിഖിന് അറസ്റ്റിൽനിന്ന് ഇടക്കാലസംരക്ഷണം നൽകിയ സുപ്രീംകോടതി, ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് സംസ്ഥാനസർക്കാർ സമർപ്പിച്ചത്.
സ്ത്രീപീഡന സംഭവങ്ങളിൽ പരാതിനൽകാൻ വൈകുന്നതിന് അന്താരാഷ്ട്രതലത്തിൽത്തന്നെ ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് കേരളം കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ ലൈംഗികപീഡനക്കേസ് രജിസ്റ്റർചെയ്തത് 21 വർഷത്തിനുശേഷമാണെന്നും സംസ്ഥാന സർക്കാർ പറയുകയുണ്ടായി. ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.