തിരുവനന്തപുരം: നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ എം. മുകേഷിന്റെ എം.എല്‍.എ. സ്ഥാനത്തുനിന്നുള്ള രാജിയില്‍ അന്തിമതീരുമാനം ശനിയാഴ്ച ഉണ്ടായേക്കുമെന്ന് സൂചന. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുകേഷിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്തില്ല. വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചയായത്. ശനിയാഴ്ച ചേരുന്ന സംസ്ഥാന സമിതിയിലാവും മുകേഷിന്റെ രാജിസംബന്ധിച്ച് തീരുമാനമുണ്ടാവുക.
സംസ്ഥാന സമിതിയില്‍ കൊല്ലത്തുനിന്നുള്ള നേതാക്കളടക്കം പങ്കെടുക്കുന്നുണ്ട്. മുകേഷ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയങ്ങളില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് സംസ്ഥാന സമിതി യോഗത്തോടെ തീരുമാനമുണ്ടാവും. അതേഅസമയം, പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെങ്കില്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് മുകേഷ് പാർട്ടിയെ അറിയിച്ചെന്നാണ് വിവരം. എന്നാല്‍, ലൈംഗികാതിക്രമ ആരോപണം കെട്ടിച്ചമച്ചതാണെന്നും തനിക്ക് അനുകൂലമായ തെളിവുകള്‍ കൈയ്യിലുണ്ടെന്നുമാണ് മുകേഷിന്റെ നിലപാട്. ഇത് മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. മുകേഷിന്റെ രാജി ആവശ്യം പാര്‍ട്ടിയില്‍നിന്നും പാര്‍ട്ടിയോട് ചേര്‍ന്നുനില്‍ക്കുന്നവരില്‍നിന്നും ശക്തമായിത്തന്നെ ഉയരുന്നുണ്ട്.
എന്നാൽ, ഇതില്‍ പ്രധാനം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നിലപാടാണ്. ലൈംഗികാരോപണ വിധേയരായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചില്ലല്ലോ എന്നായിരുന്നു മുകേഷിന്റെ കാര്യത്തില്‍ കഴിഞ്ഞദിവസം എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഉയര്‍ത്തിയ പ്രതിരോധം. ഇതിനെ പരോക്ഷമായി തള്ളുന്നതായിരുന്നു ബൃന്ദ കാരാട്ടിന്റെ നിലപാട്. അവര്‍ ചെയ്തതുകൊണ്ട് നമ്മളും അങ്ങനെ ചെയ്യുന്നുവെന്ന നിലപാടല്ല കൈക്കൊള്ളേണ്ടത് എന്നാണ് ബൃന്ദ പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.